നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്നത് ഏഴുപേരടങ്ങുന്ന കുടുംബം
കാഞ്ഞിരപ്പള്ളി: കുടുംബത്തിലെ ഏഴുപേർ അഞ്ചുവർഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. ഇതിനുള്ളിൽതന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവർഷം മുൻപാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്.
ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു.
നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാൽ വീട്ടിലെ ജോലികൾ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്. കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോൾ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാർഡംഗം പറഞ്ഞു. കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽനിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നൽകിയിരുവെന്ന് അധ്യാപകർ പറയുന്നു.
നിഷ ഗർഭിണിയായിരുന്ന വിവരം അയൽവാസികളിൽനിന്നും സ്‌കൂളിലെ അധ്യാപകരോടും മറച്ചുവെച്ചിരുന്നു. തൊട്ടടുത്ത് വീട്ടുകാർപോലും നിഷ പ്രസവിച്ച വിവരം ആരുംഅറിഞ്ഞിരുന്നില്ല.
കുട്ടിയുടെ ജനനം അറിയാത്ത നാട്ടുകാർ ബുധനാഴ്ച 11.30-തോടെ കുട്ടി മരിച്ച വിവരമാണ് അറിയുന്നത്.
ഇതോടെ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നാട്ടുകാരും വിവരങ്ങളറിയാൻ കൂട്ടംകൂടി.
ആദ്യം പറഞ്ഞത് പൂച്ചയുടെ കരച്ചിലെന്ന്; കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം
കാഞ്ഞിരപ്പള്ളി: നവജാതശിശുവിന്റെ ദുരുഹസാഹചര്യത്തിൽ മരിച്ച സംഭവം പുറത്തറിയാൻ കാരണമായത് അയൽവാസിയുടെ ഇടപെടൽ. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോൾ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചിൽ കേട്ട് സംശയം തോന്നിയ ഇവർ അയൽവാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാർഡിലെ ആശാവർക്കർ ശാലിനിയെ സംഭവം അറിയിച്ചു. ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടിൽ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവർത്തകരെ അറിയിച്ചു. തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തിൽ കണ്ടെത്തുന്നത്. നവജാത ശിശുവിന്റെ മരണം പുറത്തറിയുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ ഇടപെടലായിരുന്നു. ആരോഗ്യപ്രവർത്തകരും ആശാവർക്കരും ചേർന്നാണ് സംഭവം പോലീസിലും പഞ്ചായത്തിലും അറിയിച്ചത്.