പൊൻകുന്നം-കോട്ടയം എസ്.ടി. നിരക്കിനെച്ചൊല്ലി തർക്കം
പൊൻകുന്നം: കോട്ടയത്ത് വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളോട് സ്വകാര്യബസ് ജീവനക്കാർ എസ്.ടി. നിരക്കായി 20 രൂപ വാങ്ങിയതിനെച്ചൊല്ലി തർക്കം. എരുമേലി-കോട്ടയം റൂട്ടിലെ സൂപ്പർ സോണിക് ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിലാണ് തർക്കമുണ്ടായത്. പിന്നീട് അംഗീകൃത നിരക്ക് മാത്രമേ ഈടാക്കാവൂയെന്ന് പോലീസ് നിർദേശം നൽകി.
പൊൻകുന്നത്തുനിന്ന് കോട്ടയംവരെ 20 രൂപയുടെ ടിക്കറ്റ് എടുക്കണമെന്നാണ് ജീവനക്കാർ ശഠിച്ചത്. ഇതേത്തുടർന്ന് ഏതാനും വിദ്യാർഥിസംഘടനാ നേതാക്കൾ ബസ് ജീവനക്കാരുമായി ചർച്ചനടത്തി പരമാവധി 12 രൂപ വാങ്ങാമെന്ന് നിർദേശം വെച്ചു. എന്നാൽ പിന്നീടും 20 രൂപ ഈടാക്കിയതോടെ കോട്ടയം ട്രിപ്പ് കഴിഞ്ഞ് ബസ് പൊൻകുന്നം സ്റ്റാൻഡിലെത്തിയപ്പോൾ വിദ്യാർഥിസംഘടനാ നേതാക്കളുമായി തർക്കമായി.
തുടർന്ന് പോലീസ് ഇടപെട്ടാണ് കൂടിയ നിരക്ക് വാങ്ങരുതെന്ന് നിർദേശം നൽകിയത്. മറ്റുസ്വകാര്യ ബസുകളിൽ കോട്ടയത്തേക്കുള്ള വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നത് പരമാവധി പത്തുരൂപയാണ്. ഡീസൽ വില വർധിച്ചുവെന്നതിനാൽ ഈ നിരക്ക് പോരെന്നാണ് ബസുകാരുടെ നിലപാട്.