കാഞ്ഞിരപ്പള്ളി താലൂക്ക് തലത്തിൽ മികച്ച മനുഷ്യാവകാശ പ്രവർത്തകനായി തിരഞ്ഞെടുക്കപ്പെട്ട തോമസ്കുട്ടി കുളവട്ടത്തിനെ ആദരിച്ചു
കാഞ്ഞിരപ്പള്ളി : മൂന്ന് പതിറ്റാണ്ടിലേറെയായി മനുഷ്യാവകാശ പ്രവർത്തകൻ , ഉപഭോക്തൃ സംഘടനാ പ്രവർത്തകൻ, മദ്യ-മയക്കുമരുന്ന് വർജ്ജന സമിതി ഭാരവാഹി, പത്രപ്രവർത്തകൻ, മികച്ച കൃഷിക്കാരൻ, പ്രാസംഗികൻ, തുടങ്ങി വിവിധ തലങ്ങളിൽ സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിവരുന്ന തോമസ്കുട്ടി കുളവട്ടത്തിനെ ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റിയും കാത്തിരപ്പള്ളി ഗ്രാമ പഞ്ചായത്തും ചേർന്ന് ആദരിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വച്ച്, കാഞ്ഞിരപ്പള്ളി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രശ്മി ബി. ചിറ്റൂർ പുരസ്ക്കാരം നൽകി ആദരിക്കുകയായിരുന്നു.
31- വർഷക്കാലമായി കേരളാ ഉപഭോക്തൃ സംഘടനാ പ്രസിഡന്റായും, മനുഷ്യാവകാശ സംഘടനാ പ്രവർത്തകനായും നിരവധി നിയമ പോരാട്ടങ്ങളിലൂടെയും , സമരങ്ങളിലൂടെയും ജനങ്ങളുടെ കണ്ണീരൊപ്പാൻ പോരാട്ടം നടത്തിയ വ്യക്തി. മദ്യ വിരുദ്ധ സമിതി സെക്രട്ടറിയായി ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ സംസ്ഥാനതലത്തിൽ സജീവ പ്രവർത്തകൻ . കേരളത്തിലെ പ്രാദേശിക പത്രപ്രവർത്തകരുടെ നിരവധി ആവശ്യങ്ങൾക്കായി കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.
അശക്തരും അസംഘടിതരും ആയ വേദനിക്കുന്ന ജനവിഭാഗത്തിനുവേണ്ടിയും സ്ത്രീകൾ, കുട്ടികൾ എന്നിവരെയെല്ലാം സൗജന്യമായി ആയോധനകലയിലൂടെശക്തരാക്കാനും അദ്ദേഹം അക്ഷീണം പരിശ്രമിച്ചു.
ദീപിക ദിനപത്രത്തിൽ 19 വർഷക്കാലവും, തുടർന്ന് 10 വർഷക്കാലമായി മംഗളം ദിനപത്രത്തിന്റെയും , ശാലോമിന്റെയും ലേഖകനായും അദ്ദേഹം കർമ്മനിരതനാണ്. അഴിമതിക്കെതിരെയും , മനുഷ്യാവകാശ ധ്വംസനത്തിനെതിരെയും , മദ്യ-മയക്കുമരുന്ന്, ക്വാറി, ബ്ലേഡ് മാഫിയകൾക്കെതിരെയും പോരാടിയതിന് കള്ളക്കേസുകളിൽ പെടുത്തിയും, മർദിച്ചും, ദുരാരോപണങ്ങൾ നടത്തിയും തകർക്കാൻ ശ്രമിച്ചിട്ടും തളരാതെ നീതിക്കായി പോരാടുന്ന അപൂർവ വ്യക്തിത്വമാണ് തോമസ്കുട്ടി കുളവട്ടം. പ്രവർത്തനങ്ങളിലൊന്നും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന കർമ്മനിരതനയാ തോമസ്കുട്ടിയ്ക്ക് പുരസ്ക്കാരങ്ങൾ മുൻപ് നിരവധി ലഭിച്ചിട്ടുണ്ട്. മികച്ച സംഘാടകൻ, മാധ്യമ പ്രവർത്തകൻ, മദ്യവിരുദ്ധ പ്രവർത്തകൻ, മികച്ച ക്ഷീര കർഷകൻ, മികച്ച കേരകർഷകൻ, മികച്ച കരാട്ടെ മാഷ് തുടങ്ങി വിവധ മേഖലകളിൽ അംഗീകാരം നേടിയിട്ടുണ്ട്.