നവജാത ശിശുവിന്റെ മരണം : മാതാവ് അറസ്റ്റിൽ, നാട്ടുകാരുടെ പരിഹാസം ഭയന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന് മാതാവിന്റെ കുറ്റസമ്മതം . സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂത്ത മകളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും .
കാഞ്ഞിരപ്പള്ളി: നാലുദിവസം പ്രായമുള്ള കുഞ്ഞിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരണത്തിൽ പങ്കുള്ള ശിശുവിന്റെ മൂത്ത സഹോദരി, 15 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പോലീസ് അടുത്തദിവസം ജുവനൈൽ കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായ നിഷ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപ്രതിയില്‍ ചിത്സയിലാണ്. റിമാന്‍ഡ് നടപടികള്‍ സ്വീകരിച്ചതായി പോലിസ് അറിയിച്ചു.
ഇടക്കുന്നം മുക്കാലിയിൽ വാടകയ്ക്കു താമസിക്കുന്ന മാരൂര്മലയില് സുരേഷ് – നിഷ ദമ്പതികളുടെ ആറാമത്തെ ആണ്‍കുട്ടിയെയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറാമത്തെ കുട്ടിയുണ്ടായതിലുള്ള നാട്ടുകാരുടെ പരിഹാസം ഭയന്നും കുട്ടിയെ വളര്‍ത്തുവാനുള്ള സാമ്പത്തീക ബുദ്ധിമുട്ടുകൊണ്ടുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് മാതാവ് നിഷ പോലീസിന് മൊഴി നൽകിയത് . ശുചിമുറിയില്‍ വേള്ളം ശേഖരിക്കുന്നതിനായി വെച്ചിരുന്ന മുകള്‍ ഭാഗം മുറിച്ച ജാറിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. നിഷയുടെ ഇടത് കാലിനു ജന്മനാ ശേഷിക്കുറവുള്ളതാണ്. മരിച്ച കുട്ടിയെ കൂടാതെ ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. 15, അഞ്ച്, മൂന്ന് വയസ്സുകള്‍ വീതമുള്ള മൂന്നു പെണ്‍കുട്ടികളും, ഒന്‍പത്, ഒന്നര വയസ്സ് വീതമുള്ള രണ്ട് ആണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്.
സംഭവസമയത്തു മാതാവ് നിഷയും കുട്ടികളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിക്കുപോയിരുന്നു. കുട്ടി ജനിച്ച വിവരം അയൽവാസികൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ എത്തിയപ്പോൾ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്നു പറഞ്ഞു ഇവരെ തിരിച്ചയച്ചു.
സംശയം തോന്നിയ ഇവർ ആശാ വർക്കറെ വിവരം അറിയിക്കുകയായിരുന്നു. ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണു പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിലാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
നിർത്താതെ കരഞ്ഞതിനെത്തുടർന്നു കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ മറവു ചെയ്യാൻ വേണ്ടി കുഞ്ഞിനെ ബക്കറ്റിലിടാൻ താൻ മൂത്ത പെണ്‍കുട്ടിയോടു പറയുകയായിരുന്നുവെന്നാണ് അമ്മ നിഷ നൽകിയ പ്രാഥമിക മൊഴി. പിന്നീട് നിഷ കുറ്റം സമ്മതിച്ചു എല്ലാ ഏറ്റുപറയുകയായിരുന്നു.
ഏഴംഗ കുടുംബം ആറു വർഷമായി കഴിഞ്ഞിരുന്നത് ഒറ്റമുറി വാടക വീട്ടിലായിരുന്നു . ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രം അടങ്ങുന്നതാണ് ഇവരുടെ വീട്. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിനിയായ നിഷയും ആറു വർഷം മുന്‍പാണു മുക്കാലിയിൽ വാടകയ്ക്കു താമസിക്കാനെത്തുന്നത്.
ദന്പതികളും അഞ്ച് മക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതു കാലിനു ജന്മനാ ശേഷിക്കുറവുള്ളതിനാൽ വീട്ടിലെ ജോലികൾ ചെയ്തിരുന്നതു പതിനഞ്ചുകാരിയായ മൂത്ത മകളാണ്.
കോവിഡ് കാലത്തും മറ്റും കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോൾ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകിയിരുന്നതായി വാർഡംഗം പറഞ്ഞു. കുട്ടികൾ പഠിക്കുന്ന സ്കൂളിൽനിന്നു ഭക്ഷണ സാധനങ്ങളും മറ്റും വീട്ടിലെത്തിച്ചു നൽകുന്നുണ്ടായിരുന്നെന്ന് അധ്യാപകരും പറയുന്നു.
തൊട്ടടുത്തുള്ള അയൽവാസികളുമായി പോലും ഇവർ വലിയ ബന്ധം സ്ഥാപിച്ചിരുന്നില്ല. നിഷ ഗർഭിണിയായിരുന്ന വിവരം അയൽവാസികളിൽനിന്നും സ്കൂളിലെ അധ്യാപകരിൽനിന്നും മറച്ചു വച്ചിരുന്നു. തൊട്ടടുത്തുതന്നെ വീടുകളുണ്ടായിട്ടും നിഷ പ്രസവിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല.