രാജ്യത്തെ ഏറ്റവും മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന എരുമേലി പോലീസ് സ്റ്റേഷനിലെ പുത്തൻവിശേഷങ്ങൾ.
December 1, 2019
രാജ്യത്തെ ഏറ്റവും മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന എരുമേലി പോലീസ് സ്റ്റേഷനിലെ പുത്തൻവിശേഷങ്ങൾ.
ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുന്ന എരുമേലി ജനമൈത്രി പോലീസ് സ്റ്റേഷൻ നാടിനു അഭിമാനമാവുകയാണ്. കേസുകളുടെ എണ്ണം, അന്വേഷണ നടപടികൾ , കാര്യക്ഷമത, ശുചിത്വം, പൊതു ജനങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ മുപ്പതോളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുക്കുന്നത്.
പഴമയുടെ ആഢ്യത്വം നിലനിർത്തിക്കൊണ്ടു, ഏറ്റവും ആധുനിക സൗകര്യങ്ങളോടെ പരിലസിക്കുന്ന എരുമേലി പോലീസ് സ്റ്റേഷൻ വേറിട്ടൊരനുഭവമാണ് സന്ദർശകർക്ക് പ്രദാനം ചെയ്യുന്നത്. ഒരു വലിയ തറവാട്ടുവീട്ടിലേക്ക് കാലെടുത്തുകുത്തുന്ന പ്രതീതിയാണ് ആദ്യമായി സ്റ്റേഷനിൽ എത്തുന്നവർക്ക് ഉളവാകുന്നത്. സ്റ്റേഷന്റെ മുന്നിൽ വീടിന്റെ പൂമുഖം പോലെ തോന്നിപ്പിക്കുന്ന ചാവടിയും ഇളം തിണ്ണയും…. പോലീസും ജനങ്ങളും തമ്മിൽ ഒരു ഊഷ്മള ബന്ധം സൃഷ്‌ടിക്കുക എന്ന ആശയത്തിൽ നിന്നാണ് ഗൃഹാന്തരീഷം തുളുമ്പുന്ന അത്തരമൊരു രൂപകൽപന നടത്തുവാൻ ഇടയായത്.
സ്റ്റേഷന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന ശില്പങ്ങൾ ആരെയും ആകർഷിക്കും. സുസ്മേരവദരരായി സന്ദർശകരെ സ്വീകരിക്കുന്ന പോലീസ് ഉദോഗസ്ഥർ സന്തോഷപ്രദമമായ ഒരു അനുഭവം തന്നെ പ്രദാനം ചെയ്യുന്നു. വളരെ അടുക്കും ചിട്ടയിലുമാണ് ഓരോ സെക്ഷനും ക്രമീകരിച്ചിരിക്കുന്നത്. ലോക്കപ്പ് മുറി വളരെ വൃത്തിയായി തന്നെ സൂക്ഷിച്ചിരിക്കുന്നു. സ്റ്റേഷന്റെ ഭിത്തികളിൽ എഴുതി വച്ചിരിക്കുന്ന മൂല്യമേറിയ സന്ദേശങ്ങൾ ഏവരെയും ആകർഷിക്കും. വയോധികർക്കും ഭിന്ന ശേഷിക്കാർക്കും അംഗപരിമിതർക്കും ക്ലേശമില്ലാതെ പ്രവേശിക്കാൻ റാമ്പും ഒരുക്കിയിട്ടുണ്ട്. പോലീസുകാർക്കും ജനങ്ങൾക്കും സന്ദർശകർക്കും ഉപയോഗിക്കുവാൻ ആധുനിക ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. മഴ നനയാതെ പരേഡ് നടത്താവുന്ന വിശാലമായ മുറ്റവും സ്റ്റേഷനിന്റെ പ്രതേകതയാണ്.
ജനമൈത്രി സേവനം, വനിതാ ഹെൽപ് ഡസ്ക്, സ്റ്റുഡന്റസ് കേഡറ്റ്സ് യൂണിറ്റുകൾ എന്നിവ സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്റ്റേഷനോട് ചേർന്ന് എ ആർ ക്യാമ്പും ശബരിമല സീസണിൽ പോലീസ് സേനക്ക് താമസിക്കാൻ ഡിറ്റാച്ച്മെന്റ് ക്യാമ്പും വിശ്രമ മുറികളുള്ള ബഹുനില മന്ദിരവും കാന്റീനും ഉണ്ട്.
വളരെ മനോഹരമായ ഒരു പൂന്തോട്ടമാണ് സ്റ്റേഷന് മുൻപിൽ ഒരുക്കിയിരിക്കുന്നത്. പുൽത്തട്ടുകളും, അവയ്ക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള വിവിധ മൃഗങ്ങളുടെ പ്രതിമകളും പൂന്തോട്ടത്തിന്റെ മാറ്റുകൂട്ടുന്നു. ഗ്രീൻ പ്രോട്ടോക്കോൾ പിന്തുടരുന്ന പോലീസ് സ്റ്റേഷനിൽ ഇൻഡോർ പ്ലാന്റുകളും ഒരുക്കിയിട്ടുണ്ട് . മാലിന്യ സംസ്കരണത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട് ഈ പോലീസ് സ്റ്റേഷനിൽ.
…..
ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷൻ ആയ എരുമേലി സ്റ്റേഷനിൽ കുട്ടികൾക്കായി മനോഹരമായ ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. പരാതിക്കാരുടെയും സന്ദര്ശകരുടെയും കുട്ടികൾ പാർക്കിൽ സന്തോഷത്തോടെ ഓടിക്കളിക്കുന്നത് പതിവുകാഴ്ചയാണ്.
…..
കുട്ടികൾക്കും സ്ത്രീകൾക്കും വിശ്രമിക്കുവാനും പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട് . കൈക്കുഞ്ഞുങ്ങളിമായി വരുന്ന സ്ത്രീകൾക്കു കുട്ടികളെ സുരക്ഷിതമായി കിടത്തുവാനും മറ്റും ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ വളരെ മികച്ചതാണ്. വെറും ഒന്നര മാസം പ്രായമുള്ള കൈക്കുഞ്ഞുമായി സ്റ്റേഷനിൽ എത്തിയ യുവതി, സ്റ്റേഷനിലെ സൗകര്യങ്ങൾ വളരെ ഉപയോഗപ്പെട്ടുവെന്നാണ് പറഞ്ഞത്.
—-
കേരളത്തിലെ ഏറ്റവും മികച്ച ഹൈടെക്ക് കണ്ട്രോൾ റൂമാണ് എരുമേലിയിലുള്ളത്. എരുമേലി പട്ടണത്തിനും പരിസര പ്രദേശങ്ങളിലും ഒരില അനങ്ങിയാൽ പോലും പോലീസിന് അറിയുവാൻ സാധിക്കും എന്ന രീതിയിലാണ് എരുമേലി പോലീസ് സുരക്ഷാ ഒരുക്കിയിരിക്കുന്നത് . പട്ടണത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അൻപതിലധികം ഹൈടെക് കാമറകളിലൂടെ ഇരുപത്തിനാലു മണിക്കൂറും പോലീസ് നിരീക്ഷണം നടത്തുന്നതിനാൽ മോഷ്ടാക്കളും, അക്രമികളും, സാമൂഹികവിരുദ്ധരും പ്രദേശത്ത് പത്തിമടക്കിയിരിക്കുകയാണ്. അതിനാൽ തന്നെ, മണ്ഡലകാലത്ത് എരുമേലിയിൽ അനിഷ്ടസംഭങ്ങൾ ഒന്നും തന്നെ ഉണ്ടാകുവാനിടയില്ല എന്നാണ് പോലീസ് അധികാരികളുടെ പ്രതീക്ഷ.
56 ക്യാമറകളാണ് മുഴുവൻ സമയ നിരീക്ഷണമായി എരുമേലി പോലീസ് പട്ടണത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ ഏറ്റവും വിപുലമായ ക്യാമറാ നിരീക്ഷണം ഉള്ള പോലീസ് സ്റ്റേഷൻ കൂടിയാണ് എരുമേലി. ലോകോത്തര കാമറ നെറ്റവർക് ചെയ്യുന്ന ഹണിവെൽ കമ്പനിയാണ് എരുമേലിയിൽ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 16 ഇരട്ടി വലുപ്പത്തിൽ zoom ചെയ്യുവാൻ സാധിക്കുന്ന 4K ക്യാമറകൾ പലതും. 360 ഡിഗ്രി വട്ടം തിരിക്കുവാനും സാധിക്കും എന്നതിനാൽ സാമൂഹികവിരുദ്ധരെ പിന്തുടർന്ന് പിടിക്കുവാനും ക്യാമറയിലൂടെ സാധിക്കും. മോഷ്ടാക്കകളെ തിരിച്ചറിഞ്ഞാൽ, അവരുടെ മൊബൈൽ ഫോണിൽ ഡയൽ ചെയ്യുന്ന നമ്പർ വരെ ക്യാമറയിലൂടെ കണ്ടെത്തുവാൻ സാധിക്കും എന്നതിനാൽ, സാമൂഹികവിരുദ്ധർ എരുമേലിയിൽ നിന്നും താവളം മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് പൊതു സമൂഹത്തിനു ആശ്വാസമാണ്.
ശബരിമല സീസണിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് വേണ്ടിയാണ് ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തി പോലീസ് സ്റ്റേഷനെ ഹൈടെക് കൺട്രോൾ റൂം ഉൾപ്പെടെ നവീകരിച്ച് പരിഷ്കരിച്ചത്. 32 പോയിന്റുകളിലായി ഇരുനൂറ്റി എഴുപത്തിയഞ്ചോളം പോലീസ് ഉദ്യോഗസ്ഥർ മണലകാലത്തു എരുമേലിയിൽ ഡ്യൂട്ടി ചെയ്യുന്നുണ്ട്.
ഒട്ടേറ കുറ്റകൃത്യങ്ങൾ തത്സമയം തന്നെ പിടികൂടാൻ ഇത് മൂലം സാധ്യമായി. വഴിയാത്രികന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ബൈക്കിൽ പാഞ്ഞുപോയവരെ പിടികൂടാനായതും, വീട്ടമ്മയുടെ പണം അപഹരിച്ചയാളെ പിടികൂടിയതും ഉൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങൾ പിടികൂടിയത് ക്യാമറകളുടെ സഹായത്തിലാണ്. ട്രാഫിക് നിയമലംഘനങ്ങളാണ് ഏറെയും ക്യാമറകൾ മൂലം പിടികൂടി പിഴ ഈടാക്കാൻ കഴിഞ്ഞിട്ടുള്ളത്.
എന്നാൽ കുറ്റകൃത്യങ്ങൾ മാത്രമല്ല, പൊതുജനങ്ങളെ വിവിധ രീതിയിൽ സഹായിക്കുവാനും എരുമേലിയിലെ പോലീസ് ക്യാമറകൾ ഉപകാരപെട്ടിട്ടുണ്ട് . എരുമേലി ടൗണിൽ വച്ച് ഒരാളുടെ മടിയിൽ നിന്നും താഴെ വീണു നഷ്ട്ടപെട്ട 40000 രൂപ, പോലീസ് ക്യാമറയിലൂടെ കണ്ടത്തി ഉടമയെ തിരികെയേൽപ്പിച്ചതോടെ എരുമേലി പോലീസ് സംസ്ഥാന പോലീസ് സേനയ്ക്ക് അഭിമാനമായി മാറിയിരുന്നു .
സാമൂഹിക സേവനത്തിലും എരുമേലി പോലീസ് സ്റ്റേഷൻ മുൻപന്തിയിലാണ്. സ്വന്തമായി വീടില്ലാതെ, ഒരു കൂരയിൽ മൂന്നു പെണ്മക്കളുമായി ദുരിതത്തിൽ കഴിഞ്ഞിരുന്ന വീട്ടമ്മയുടെ വിഷമം മനസ്സിലാക്കി പൊതുജന പങ്കാളിത്തത്തോടെ അവർക്കു വീട് വച്ചുകൊടുക്കുവാനും എരുമേലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങിയിരുന്നു .
കെട്ടിലും മട്ടിലും പെരുമാറ്റത്തിലും പൊതുജന സേവനത്തിലും, അത്യാധുനിക സൗകര്യത്തിലും ഏറ്റവും മികച്ച മാതൃകയായ, കേരളത്തിന്റെ അഭിമാനമായ എരുമേലി സ്റ്റേഷൻ, രാജ്യത്തെ മികച്ച സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്…