എരുമേലിയിൽ പൊടിശല്യം കുറയ്ക്കാൻ വെള്ളം തളിക്കുന്നു
എരുമേലി: മഴമാറി വെയിൽ ശക്തമായതോടെ എരുമേലിയിൽ പൊടിശല്യം രൂക്ഷമായി. പരിഹാരമായി ഗ്രാമപ്പഞ്ചായത്ത് റോഡിൽ വെള്ളംതളിക്കുന്ന പ്രവൃത്തി തുടങ്ങി. റോഡിലൂടെ വാഹനം സാവധാനം നീങ്ങുമ്പോൾ പൈപ്പിലെ സുഷിരങ്ങൾ വഴി റോഡിൽ വെള്ളം ചിതറും. പൊടിശല്യം കുറയുന്നതിനൊപ്പം ഉച്ചവെയിലിൽ റോഡിലെ ചൂടും കുറയാൻ സഹായകമാകും. നഗ്നപാദരായാണ് ഭക്തർ റോഡിലൂടെ നടക്കുന്നതും പേട്ട തുള്ളുന്നതും. ശബരിമല പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് വെള്ളം തളിക്കൽ പദ്ധതി.
പരിശോധനയ്ക്ക് മൊബൈൽ ലാബ്
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ എരുമേലിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബ് പ്രവർത്തിക്കുന്നു. കടകളിൽ പരിശോധിക്കാനും സാമ്പിളുകൾ ശേഖരിക്കാനും സ്‌ക്വാഡിന്റെ പ്രവർത്തനവുമുണ്ട്.