ഗ്രീൻ പ്രോട്ടോകോളിൽ ഹോളിമെയ്ജൈ ഫൊറോന പള്ളി തിരുനാൾ
മണിമല: ഹോളിമെയ്ജൈ ഫൊറോന പള്ളിയിലെ തിരുനാൾ ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടക്കും. പ്ലാസ്റ്റിക് രഹിത മണിമലയെന്ന പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമണിന്റെ ആശയത്തോട് ചേർന്നാണ് ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം തിരുനാൾ നടത്തുന്നത്.
തിരുനാളിനെത്തുന്നവർ പ്ലാസ്റ്റിക് കാരിബാഗുകൾ ഉൾപ്പെടെയുള്ളവ കൊണ്ടുവരരുത്. കടകളിൽ തുണിസഞ്ചികൾ, പേപ്പർ കൂടുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് സാധനങ്ങൾ വിതരണം നടത്താൻ ശ്രദ്ധിക്കണം. മണിമലയിലെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണപരിപാടികൾ നടത്തും.
മണിമല തിരുനാളിന് കടകൾക്ക് മുമ്പിൽ ഓല കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകൾ സ്ഥാപിച്ച് പ്ലാസ്റ്റിക്കുകൾ ശേഖരിക്കും. ഇപ്രകാരം ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പ്ലാസ്റ്റിക് ശേഖരണ ഷെഡിലെത്തിക്കും.
ഐസ്ക്രീം കപ്പുകളും സാധനങ്ങൾ പായ്ക്ക് ചെയ്തു വരുന്ന പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെ അലക്ഷ്യമായി വലിച്ചെറിയാതെ ഓലക്കുട്ടകളിൽ ഇടണം. മണിമല പഞ്ചായത്തിലെ മുഴുവൻ ഹരിതസേനാംഗങ്ങളും യൂണിഫോമിൽ തിരുനാൾ നടക്കുന്ന ദിവസങ്ങളിൽ ഇവിടെയുണ്ടാകും. ഇവർക്കുവേണ്ട എല്ലാ സഹായങ്ങളുമായി പോലീസും പഞ്ചായത്തും പള്ളി കമ്മിറ്റിയംഗങ്ങളും ഉണ്ടാകും. മണിമല ഹോളിമെയ്ജൈ ഫൊറോന പള്ളിയിലെ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാൾ 30 മുതൽ ജനുവരി ഏഴു വരെയാണ്.