ക്രിസ്മസിന് ദിവസങ്ങൾ മാത്രം; വർണ വിസ്മയമൊരുക്കി വിപണി സജീവമായി
കാഞ്ഞിരപ്പള്ളി: ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നാടെങ്ങും നക്ഷത്രവിസ്മയമൊരുക്കി ക്രിസ്മസ് വിപണി സജീവമായി. പുല്‍ക്കൂടും സാന്താക്ലോസും എല്‍ഇഡി ബള്‍ബുകളുടെ വര്ണവിസ്മയുമായി നാടെങ്ങുമുള്ള ചെറുതും വലുതുമായ കടകളിലെല്ലാം ക്രിസ്മസ് സന്ദേശമോതി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നു.
ഇത്തവണ പേരില്‍ സൂപ്പര്‍ സ്റ്റാറാകാന്‍ സിനിമാപ്പേരിലുള്ള നക്ഷത്രങ്ങളൊന്നും വിപണിയിലില്ല. പേപ്പർ നക്ഷത്രങ്ങള്‍, എല്‍ഇഡി സ്റ്റാര്‍, ഗ്ലെയിസിംഗ് സ്റ്റാര്‍, പുല്‍ക്കൂട്, ട്രീ, ബലൂണുകള്‍, എല്‍ഇഡി മാലകള്‍, രൂപങ്ങള്‍ എന്നിങ്ങനെയാണ് ക്രിസ്മസ് വിപണി സജീവമായിരിക്കുന്നത്.
എല്‍ഇഡി സ്റ്റാറിന് 150 മുതൽ 700 വരെയും രൂപങ്ങൾക്ക് 200 മുതൽ 2500 വരെയും പുൽക്കൂടിന് 250 മുതൽ 2000 വരെയുമാണു വില. പണ്ടത്തെപ്പോലെ പുല്ക്കൂടുകള് സ്വന്തമായി നിര്‍മിക്കുന്നവര്‍ കുറവായതോടെ റെഡിമെയ്ഡായി വാങ്ങി ഉപയോഗിക്കുന്നവരാണ് ഏറെയും. അതിനായി ചൂരലും തടികൊണ്ടുമുള്ള റെഡിമെയ്ഡ് പുല്‍ക്കൂടുകളും ക്രിസ്മസ് വിപണിയില്‍ സജീവമാണ്. ചൂരല്‍ കൊണ്ട് നിര്‍മിക്കുന്ന പുല്‍ക്കൂടുകള്‍ക്കാണ് ആവശ്യക്കാരേറെ. എൽഇഡി മാല ബൾബുകൾക്ക് 60 മുതൽ 550 രൂപ വരെയാണു വില.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് ആഘോഷത്തിനുവേണ്ട അലങ്കാരവസ്തുക്കള്‍ ആവശ്യത്തിനു ലഭിക്കുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു. കോവിഡ് നിയന്ത്രണത്തിനിടെ നിര്‍മാണ യൂണിറ്റുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും മൊത്ത വ്യാപാരികള്‍ക്ക് ആവശ്യത്തിനും വസ്തുക്കള്‍ സംഭരിക്കാന്‍ കഴിയാഞ്ഞതുമാണു കാരണം. ഇതു നേരിയ വിലവര്‍ധനവിനും കാരണമായിട്ടുണ്ട്. തുടക്കത്തിൽ വലിയ തിരക്കു പ്രകടമായില്ലെങ്കിലും ഇപ്പോൾ വിപണി ഉണർന്നു തുടങ്ങിയതായി വ്യാപാരികൾ പറയുന്നു.
മാസ്കും താരമാണ്
കോവിഡ് കാലം വിട്ടുപോകാത്തതിനാൽ ഈ ക്രിസ്മസിന് താരമായിരിക്കുന്ന മറ്റൊരു അവശ്യവസ്തു മാസ്കുകളാണ്. ക്രിസ്മസ് വിപണിയിലെ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് മാസ്കുകൾ. പല നിറങ്ങളിലായി ഇറക്കിയിരിക്കുന്ന മാസ്കുകളിൽ ക്രിസ്മസ് സന്ദേശങ്ങളും ചിത്രങ്ങളുമുണ്ട്. 40 രൂപ മുതലാണ് ഇതിന്റെ വില. സ്കൂളുകളിലും കോളജുകളിലും നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾക്കും മത്സരങ്ങൾക്കുമായി വിദ്യാർഥികളും അധ്യാപകരുമാണ് ഇത്തരത്തിലുള്ള മാസ്കുകൾ ഏറെ വാങ്ങിക്കുന്നതെന്നു വ്യാപാരികൾ പറയുന്നു. കോവിഡ് പ്രതിസന്ധികളില്‍ നിന്നു കരകയറാന്‍ കടകള്‍ അലങ്കരിച്ചും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചും കച്ചവടം പിടിക്കുന്നതിനുള്ള തിരക്കിലാണ് വ്യാപാരികള്‍.