മണിമലയാറ്റിൽ പാറക്കെട്ടുകളും മണൽത്തിട്ടകളും തെളിഞ്ഞു, ജലനിരപ്പ് താഴുന്നത് ആശങ്ക

പൊൻകുന്നം ∙ മണിമലയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് ആശങ്കക്കിടയാക്കുന്നു. പലയിടത്തും പാറക്കെട്ടുകളും മണൽത്തിട്ടകളും തെളിഞ്ഞു. മേഖലയിലെ ശുദ്ധജല സ്രോതസ്സുകളിലും ജലനിരപ്പു താഴ്ന്നു. ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം ആരംഭിച്ചിട്ടുണ്ട്. തടയണകളുടെ ഷട്ടർ താഴ്ത്തി വെള്ളം സംഭരിക്കാൻ ജല അതോറിറ്റി പഞ്ചായത്തുകൾക്കു നിർദേശം നൽകിയിട്ടുണ്ട്.

മണിമലയിലെ തടയണയ്ക്കു സമീപം ഇന്നലെ 10 സെന്റിമീറ്റർ വെള്ളം മാത്രമാണ് ഉള്ളതെന്നു ഹൈഡ്രോളജി വിഭാഗം പറഞ്ഞു. മുണ്ടക്കയം കോസ്‌വേക്കു സമീപത്തെ സ്കെയിലിൽ 15 സെന്റിമീറ്റർ വെള്ളമാണുള്ളത്. തടയണകൾ നിർമിച്ചിരിക്കുന്ന മേഖലകളിൽ കുറച്ചു വെള്ളമുണ്ട്. 2 വെയിലടിച്ചതോടെ കിണർ വെള്ളം വേഗത്തിൽ താഴുന്നു.

മഴ വെള്ളം സംഭരിക്കാനായില്ല  

കൂടുതൽ അളവിൽ മഴ ലഭിച്ചെങ്കിലും കുറഞ്ഞ സമയത്തിനുള്ളിലാണു പെയ്തത്. ഇതോടെ വെള്ളം മണ്ണിൽ താഴാതെ ഒഴുകിപ്പോയി. ജില്ലയിൽ തുലാവർഷം 131% കൂടുതലാണ് പെയ്തത്. 522.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1206.4 മില്ലിമീറ്റർ കിട്ടി. പ്രളയ സമയത്തു പുഴകളിലും തോടുകളും ചെളി അടിഞ്ഞു. ഇതുമൂലം വെള്ളം പെട്ടെന്നു വാർന്നു പോകാൻ ഇടയാക്കി. ഇത്തവണ വരൾച്ച രൂക്ഷമാകുമെന്നാണു നിഗമനം. ഗ്രൗണ്ട് വാട്ടർ ലവൽ സംബന്ധിച്ച പഠനം ഇനിയും നടത്തേണ്ടതുണ്ടെന്നും ഹൈഡ്രോളജി വിഭാഗം പറയുന്നു.

നീർത്തട പദ്ധതികൾ കാര്യക്ഷമമാക്കണം 

മഴവെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണു ജലനിരപ്പ് പെട്ടെന്നു താഴാൻ കാരണമെന്നു വിദഗ്ധർ പറയുന്നു. നീർത്തട പദ്ധതികൾ ഫലപ്രദമായി നിർമിക്കുന്നതും കൃഷി സ്ഥലങ്ങളിൽ വേലികൾക്കു പകരം ഇടവരകൾ നിർമിക്കുന്നതും വഴി മഴ വെള്ളം സംഭരിക്കാൻ കഴിയും. പ്രധാന തോടുകളിൽ തടയണകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇവയിൽ പലതും ഫലപ്രദമല്ല. വീടുകൾ കേന്ദ്രീകരിച്ച് മഴവെള്ള സംഭരണികൾ നിർമിക്കുന്നത് ഏറെ ഗുണകരമാണ്.

error: Content is protected !!