പ്രളയത്തിൽ റോഡുകൾ തകർന്നതുമൂലം യാത്ര സൗകര്യം നിലച്ച മലയോര പ്രദേശങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ബസ്സ് നൽകി മലനാട് മാതൃകയായി ..
കാഞ്ഞിരപ്പള്ളി: മലയോര പ്രദേശങ്ങളായ അഴങ്ങാട്, മേലോരം, പെരുവന്താനം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യര്‍ഥികൾക്ക് കൈത്താങ്ങായി കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലനാട് ഡവലപ്മെന്റ് സൊസൈറ്റി. പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ മൂലം ബസ് സര്‍വീസുകളും മറ്റ് യാത്രാ സൗകര്യങ്ങളും നിലച്ച പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാദുരിതം കണ്ടറിഞ്ഞ് ഇതിന് പരിഹാരമായി പെരുവന്താനം സെന്റ് ജോസഫ്സ് സ്‌കൂളിന് ഒരു സ്‌കൂള്‍ ബസ് സമ്മാനിച്ചിരിക്കുകയാണ് എംഡിഎസ്.
പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ മൂലം ബസ് സര്‍വീസുകളും മറ്റ് യാത്രാ സൗകര്യങ്ങളും നിലച്ച പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേക്കുള്ള യാത്ര ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുന്നതിനും അതിലൂടെ മികച്ച വിദ്യാഭ്യാസം കൈവരിക്കുന്നതിനുമായി സ്‌കൂള്‍ ബസ് സമ്മാനിക്കുന്നതെന്ന് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഈ പ്രദേശങ്ങളിലെ ഏറെയും വിദ്യാര്‍ഥികള്‍ പഠിക്കുന്നത് പെരുവന്താനം സെന്റ് ജോസഫ്സ് സ്‌കൂളിലാണ്. ഇക്കാരണത്താല്‍ സെന്റ് ജോസഫ്സ് സ്‌കൂളിനാണ് ബസ് നല്‍കുന്നത്.
സ്‌കൂള്‍ ബസിന്റെ വെഞ്ചരിപ്പുകര്‍മം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് നല്ലൂര്‍കാലായിപറമ്പിലിന് ബസിന്റെ താക്കോല്‍ കൈമാറി.
വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, എംഡിഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകടിയേല്‍, ഫാ. വര്‍ഗീസ് മഞ്ഞക്കുഴക്കുന്നേല്‍, ഫാ. തോമസ് പ്ലാത്തറവയലില്‍, ഫാ. ജസ്റ്റിന്‍ മതിയത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.