തൊണ്ണൂറിന്റെ ചെറുപ്പവുമായി, അന്തർദേശീയ മെഡലുകൾ വാരിക്കൂട്ടി ജോൺ മട്ടക്കൽ മുന്നോട്ട് കുതിക്കുന്നു..

 October 13, 2019 

തൊണ്ണൂറിന്റെ ചെറുപ്പവുമായി, അന്തർദേശീയ മെഡലുകൾ വാരിക്കൂട്ടി ജോൺ മട്ടക്കൽ മുന്നോട്ട് കുതിക്കുന്നു..

കാഞ്ഞിരപ്പള്ളി : അന്തർദേശീയ തലത്തിൽ വെറ്ററൻസ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ലോക ചാപ്യൻ, പ്രധാനമന്ത്രി നരേദ്രമോദിയുടെ ഫിറ്റ് ഇന്ത്യാ പദ്ധതിയുടെ ഐക്കൺ ആയി തെരെഞ്ഞെടുക്കപെട്ട, രാജ്യത്തെ മുപ്പതുപേരിൽ ഒരാൾ, ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ഹർഡിൽസ് താരങ്ങളിൽ ഒരാൾ, മൂന്നു മേജർ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിട്ടും, അതിനെയൊക്കെ അതിജീവിച്ചു വീണ്ടും മത്സരിച്ചു സ്വർണം നേടിയയാൾ, 2015 -ൽ ഫ്രാൻസിലെ ലിയോണിൽ 60 രാജ്യങ്ങൾ പങ്കെടുത്ത വെറ്ററൻസ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു സ്വർണം നേടിയയാൾ, അടുത്ത വര്ഷം ഇറ്റലിയിലെ ടൊറേന്റോയിൽ വച്ച് നടക്കുന്ന ലോക ചാമ്ബ്യൻഷിപിൽ ഇന്ത്യയ്ക്കായി മത്സരിക്കുവാൻ തയ്യാറെടുക്കുന്നയാൾ, തൊണ്ണൂറ് വയസ്സിൽ എത്തിയിട്ടും ദിവസവും രാവിലെ അഞ്ചു കിലോമീറ്റർ ഓടി, ഫിറ്റ്നെസിൽ തന്നെ വെല്ലുവാൻ മറ്റാരുമില്ലെന്നു തെളിയിക്കുന്നയാൾ, കറകളഞ്ഞ ജൈവ കർഷകൻ.. ഈ വിശേഷണങ്ങൾ എല്ലാം പേറുന്നത് ഒരു മലയാളി ആണെന്നതിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ ആ അതുല്യ കായികപ്രതിഭ നമ്മുടെ സ്വന്തം കാഞ്ഞിരപ്പള്ളിക്കാരൻ ആണെന്നറിയുമ്പോഴോ .. അഭിമാനം നൂറിരട്ടിയാകും. അതെ, കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി റിട്ടയേർഡ് സ്കൂൾ അധ്യാപകനായ ജോൺ മട്ടക്കൽ എന്ന ജോൺ സാറാണ് ആ അതുല്യ കായികപ്രതിഭ .

ഉപരിപഠനത്തിനായി തിരുവന്തപുരത്ത് പോയ ജോൺ മട്ടക്കൽ 1948 – 49 ൽ കേരളത്തിൽ ആദ്യമായി ആരംഭിച്ച NCC യുടെ ആദ്യ ബാച്ചുകാരൻ ആയിരുന്നു. അവിടെ ലഭിച്ച പട്ടാളച്ചിട്ടയിലുള്ള പരിശീലനം അദ്ദഹത്തിന്റെ കായിക വളർച്ചയ്ക്ക് വളരെയേറെ സഹായകമായി. അന്നുമുതൽ ഹർഡിൽസിൽ പരിശീലനം ആരംഭിച്ചു. 1952 ൽ നടന്ന സംസ്ഥാന മത്സരത്തിൽ സാക്ഷാൽ ജി വി രാജയുടെ കൈയിൽ നീന്നുമാണ് അദ്ദേഹം ആദ്യ മെഡൽ സ്വീകരിച്ചത്.

പിന്നീട് അദ്ധ്യപകനായി സേവനം ചെയ്തിരുന്ന ജോൺ സാർ ചിട്ടയായ പരിശീലനം മുടക്കിയിരുന്നില്ല. റിട്ടയർമെന്റിനു ശേഷം അദ്ദേഹം കായിക രംഗത്ത് സജീവമാക്കുകയായിരുന്നു.സംസ്ഥാന തലത്തിൽ തുടങ്ങി, പിന്നീട് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും വെറ്ററൻസ് അത്‌ലറ്റിക് മീറ്റുകളിൽ മെഡലുകൾ വാരിക്കുട്ടി. മിക്കതും ചാമ്പ്യനുള്ള സ്വർണ്ണ മെഡലുകൾ തന്നെയായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ചു തവണ ഏഷ്യാഡിൽ പങ്കെടുത്ത ജോൺ സാർ, ഒരു പ്രാവശ്യം വെറ്ററൻസ് മാസ്റ്റഴ്സ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതോവായി.

കായിക മത്സരങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഹർഡിൽസിൽ ആണ് ജോൺ സാർ തന്റെ പ്രാഗൽഭ്യം തെളിയിച്ചിരിക്കുന്നത്. അരയ്ക്കൊപ്പം പൊക്കമുള്ള എട്ടോളം ഹർഡിൽസുകൾ ചാടിക്കടന്ന് ആവേശത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കന്ന ജോൺ സാറിന്റെ പ്രകടനം ഇന്നത്തെ യുവതലമുറയ്ക്ക് പ്രചോദനം അകുമെന്നതിൽ സംശയമില്ല. ഇന്നത്തെ ജീവിത ശൈലി അനുസരിച്ച് അമ്പതു വയസ്സ് പിന്നിട്ട ഒരാൾക്ക് ഒരു ഹാർഡിൽ പോലും ചാടിക്കടക്കുവാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അങ്ങനെയുള്ള സാഹചര്യത്തിൽ എട്ടോളം ഹാർഡിലുകൾ ചാടിക്കടന്നു ഒരുമിനിട്ടിൽ താഴെ സമയംകൊണ്ട് ലക്ഷ്യത്തിലേക്കു കുതിച്ചെത്തുന്ന 90 വയസ്സുള്ള ജോൺസാർ ഒരു അത്ഭുതപ്രതിഭാസം തന്നെയാണ്. 

ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്” എന്ന പരിപാടിയുടെ ഐകൺസ് ആയി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുപ്പതുപേരിൽ ഒരാൾ ജോൺസാർ ആയിരുന്നു . കേരളത്തിൽ നിന്നും മൂന്നുപേരെയാണ് തെരെഞ്ഞെടുത്തിരുന്നത് . ഡൽഹിയിൽ ദേശീയ കായിക ദിനത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ജോൺ സാറിനു ആദരവ് നൽകിയിരുന്നു എന്നത് മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. 

ഏതാനും ദിവസങ്ങക്കു മുൻപ്, ജോൺസറിന്റെ തൊണ്ണൂറാം ജന്മദിനം നാട്ടുകാരും, സുഹൃത്തുക്കളും, ബന്ധുക്കാരും ചേർന്ന് വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു .തൊണ്ണൂറ് വയസ്സ് പിന്നിടുന്ന ജോൺസാർ, ഇപ്പോഴും ഒരു പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണ്. ഒപ്പം അദ്ദേഹം വീണ്ടും ലോക ചാമ്പ്യൻ ആകുന്നതു കാണുവാൻ ഒരു നാട് മുഴുവനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു .. .. 

error: Content is protected !!