എരുമേലിയിൽ എല്ലാം ഭദ്രം ; യാത്രക്കിടയിൽ നഷ്ട്ടപെട്ട 40,000 രൂപ പോലീസ് ക്യാമറയിലൂടെ കണ്ടത്തി ഉടമയെ തിരികെയേൽപ്പിച്ചു
October 5, 2019
എരുമേലിയിൽ എല്ലാം ഭദ്രം ; യാത്രക്കിടയിൽ മടിയിൽ നിന്നും വീണു നഷ്ട്ടപെട്ടു പോയ 40,000 രൂപ പോലീസ് ക്യാമറയിലൂടെ കണ്ടത്തി ഉടമയെ ഒരു മണിക്കൂറിനകം തിരികെയേൽപ്പിച്ചതോടെ എരുമേലി പോലീസ് സ്റ്റേഷൻ സംസ്ഥാന പോലീസ് സേനയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. അതുപോലെ തന്നെ വഴിയിൽ വീണു കിടന്നിരുന്ന അന്യന്റെ പണം കണ്ടപ്പോൾ, അത് കൈക്കലാക്കുവാൻ ശ്രമിക്കാതെ അടുത്തുള്ള കടക്കാരനെ വിളിച്ചു കാണിച്ചുകൊടുത്തശേഷം, തിരിഞ്ഞുപോലും നോക്കാതെ തന്റെ കടമ നിർവഹിച്ച ചാരിതാർഥ്യത്തിൽ നടന്നു നീങ്ങിയ ആ അജ്ഞാത വയോധികനും, കടയിൽ കിട്ടിയ പണം ഉത്തരവാദിത്തത്തോടെ അധികാരപ്പെട്ടവർക്കു കൈമാറിയ ചെമ്പാലപറമ്പിൽ മൊയ്‌തീൻ മീരാൻ എന്ന വയോധികനും സമൂഹത്തിലെ ഇനിയും വറ്റാത്ത നന്മയുടെ മകുടോദാഹരണങ്ങളാണ് ..
എരുമേലി : എരുമേലി പട്ടണത്തിനും പരിസര പ്രദേശങ്ങളിലും ഒരില അനങ്ങിയാൽ പോലും പോലീസിന് അറിയുവാൻ സാധിക്കും എന്ന രീതിയിലാണ് പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത് . പട്ടണത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അൻപതിലധികം ഹൈടെക് കാമറകളിലൂടെ ഇരുപത്തിനാലു മണിക്കൂറും പോലീസ് നിരീക്ഷണം നടത്തുന്നതിനാൽ മോഷ്ടാക്കളും, അക്രമികളും, സാമൂഹികവിരുദ്ധരും പത്തിമടക്കിയിരിക്കുകയാണ്. അതിനാൽ തന്നെ, മണ്ഡലകാലത്തെ വരവേൽക്കുവാൻ എരുമേലി പോലീസ് സർവ സജ്ജമാണ് .. .അതെ, എരുമേലിയിൽ എല്ലാം ഭദ്രമാണ് ..
പോലീസ് ക്യാമറകൾ കുറ്റവാളികളെ പിടികൂടുവാൻ മാത്രമല്ല, പൊതുജനങ്ങളെ സഹായിക്കുവാനും ഉതകുന്നുണ്ട്. ശനിയാഴ്ച എരുമേലി ടൗണിൽ വച്ച് ഒരാളുടെ മടിയിൽ നിന്നും താഴെ വീണു നഷ്ട്ടപെട്ട 40000 രൂപ, പോലീസ് ക്യാമറയിലൂടെ കണ്ടത്തി ഉടമയെ തിരികെയേൽപ്പിച്ചതോടെ എരുമേലി പോലീസ് സംസ്ഥാന പോലീസ് സേനയ്ക്ക് അഭിമാനമായി.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെ എരുമേലി പേട്ടക്കവലയിലാണ് സംഭവം. മറ്റന്നൂർക്കര പൂവത്തിനാൽ നൗഷാദിന്റെ പണം ആണ് പേട്ടക്കവലയിൽ വെച്ച് നഷ്‌ടപ്പെട്ടത്. വഴിയോരത്തു സ്കൂട്ടർ പാർക്ക് ചെയ്ത്, ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് പോയ സമയത്ത് , മടിയിൽ വീട് പണിക്കു സാധനം വാങ്ങുവാനായി ഭദ്രമായി വച്ചിരുന്ന 40,000 രൂപയുടെ കെട്ട് താഴെവീഴുകയായിരുന്നു. പണം പോയതറിയാതെ നൗഷാദ് നടന്നുപോയി. ആ സമയത്തു അതിലെ നടന്നുവന്ന ഒരു വയോധികൻ വഴിയിൽ കിടന്ന പണം കണ്ടപ്പോൾ , അതൊട്ടടുത്ത് ഉണ്ടായിരുന്ന കടക്കാരനെ വിളിച്ചു പണം വീണു കിടക്കുന്നതു കാണിച്ചു കൊടുത്തു. പേട്ടക്കവലയിൽ ലോട്ടറി വിൽപ്പന സ്റ്റാൾ നടത്തുന്ന നേർച്ചപ്പാറ ചെമ്പാലപറമ്പിൽ മൊയ്‌തീൻ മീരാൻ (85) ആയിരുന്നു അത്. അദ്ദേഹം ഉടൻ തന്നെ പണം എടുത്തു കടയിൽ കടയിൽ ഭദ്രമായി വയ്ക്കുകയും പിന്നീട് മീരാൻ ആ പണം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്മാനെ ഏൽപ്പിക്കുകയും ചെയ്തു. പണം കാണിച്ചുകൊടുത്ത അജ്ഞാതനായ വയോധികനാകട്ടെ, തന്റെ കടമ നിർവഹിച്ച ചാരിതാർത്ഥത്തിൽ, തിരിഞ്ഞുപോലും നോക്കാതെ മുൻപോട്ടു നടന്നുപോവുകയാണുണ്ടായത്.
ആ സമയത്തു പണം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ നൗഷാദ് തിരികെയെത്തി അവിടെയെല്ലാം തിരഞ്ഞുനോക്കിയെകിലും കാണാത്തതിനാൽ, പെട്ടെന്ന് തന്നെ എരുമേലി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പണം നഷ്ടപ്പെട്ട് വെപ്രാളപ്പെട്ടുനിന്ന നൗഷാദിനെ എസ് ഐ വിനോദ് കുമാറും പോലീസുകാരും ആശ്വസിപ്പിക്കുകയും, സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ നൗഷാദിനെ കൂട്ടിക്കൊണ്ട് എരുമേലി പട്ടണത്തെ പൂർണമായും വീക്ഷിക്കുന്ന ക്യാമെറകൾ കാണിച്ചു കൊടുക്കുകയും ചെയ്തു. ക്യാമറകളുടെ പ്രവർത്തനം നേരിട്ട് കണ്ടതോടെ നൗഷാദിന് പകുതി ആശ്വാസമായി.
നൗഷാദ് എരുമേലിയിൽ പണം നഷ്ട്ടപെട്ട സമയത്ത് സഞ്ചരിച്ച വഴികളിലൂടെ വിവിധ ക്യാമറകളിലൂടെ ആ സമയത്തു പോലീസും സഞ്ചരിച്ചു ഓരോ നിമിഷവും അതിസൂക്ഷമമായി നിരീക്ഷിച്ചു. പേട്ടക്കവലയിൽ ബസ് സ്റ്റോപ്പിലുള്ള ക്യാമറയിൽ നൗഷാദിന്റെ മടിയിൽ നിന്നും പണം താഴെ വീഴുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. താഴെ വീണ പണം ഒരു വയോധികൻ കാണുന്നതും, അടുത്തുള്ള കടയിലെ വ്യാപാരിയെ ചൂണ്ടിക്കാണിക്കുന്നതും വ്യാപാരി ആ പണം എടുത്ത് കടയിൽ ഭദ്രമായി വെയ്ക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഉടൻതന്നെ പോലീസ് കടയുടമയുമായിട്ടു ബന്ധപെട്ടു പണം ഭദ്രമായി ഇരുപ്പുണ്ടെന്നു ഉറപ്പുവരുത്തി.
പിന്നീട് എരുമേലി എസ് ഐ വിനോദ് കുമാർ മുഖേന നൗഷാദിന് പണം കൈമാറി. വെറും ഒരു മണിക്കൂറിനുള്ളിൽ നഷ്ട്ടപെട്ട പണം നൗഷാദിന് തിരികെ നൽകുവാൻ സാധിച്ചത് എരുമേലി പോലീസിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ ആയിമാറി. കൃത്യനിഷ്ഠതയും, കാര്യക്ഷമതയും ഉത്തരവാദിത്തവും ഉള്ള ആ പോലീസ് ഉദ്യോഗസ്ഥർ പോലീസ് സേനയ്ക്ക് അഭിമാനമായിരിക്കുകയാണ്. അതുപോലെ തന്നെ വഴിയിൽ വീണു കിടന്നിരുന്ന നോട്ടുകെട്ട് കണ്ടപ്പോൾ, അത് കൈക്കലാക്കുവാൻ ശ്രമിക്കാതെ അടുത്തുള്ള കടക്കാരനെ വിളിച്ചു കാണിച്ചുകൊടുത്തശേഷം, തിരിഞ്ഞുപോലും നോക്കാതെ നടന്നു നീങ്ങിയ ആ അജ്ഞാത വയോധികനും, കടയിൽ കിട്ടിയ പണം ഉത്തരവാദിത്തത്തോടെ അധികാരപ്പെട്ടവർക്കു കൈമാറിയ ചെമ്പാലപറമ്പിൽ മൊയ്‌തീൻ മീരാൻ മീരാൻ എന്ന വയോധികനും സമൂഹത്തിലെ ഇനിയും വറ്റാത്ത നന്മയുടെ മകുടോദാഹരണങ്ങളാണ് ..
56 ക്യാമറകളാണ് മുഴുവൻ സമയ നിരീക്ഷണമായി എരുമേലി പോലീസ് പട്ടണത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ ഏറ്റവും വിപുലമായ ക്യാമറാ നിരീക്ഷണം ഉള്ള പോലീസ് സ്റ്റേഷൻ കൂടിയാണ് എരുമേലി. ലോകോത്തര കാമറ നെറ്റവർക് ചെയ്യുന്ന ഹണിവെൽ കമ്പനിയാണ് എരുമേലിയിൽ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 16 ഇരട്ടി വലുപ്പത്തിൽ zoom ചെയ്യുവാൻ സാധിക്കുന്ന 4K ക്യാമറകൾ ആണ് ഉള്ളത്. 360 ഡിഗ്രി വട്ടം തിരിക്കുവാനും സാധിക്കും എന്നതിനാൽ സാമൂഹികവിരുദ്ധരെ പിന്തുടർന്ന് പിടിക്കുവാനും ക്യാമറയിലൂടെ സാധിക്കും. മോഷ്ടാക്കകളെ തിരിച്ചറിഞ്ഞാൽ, അവരുടെ മൊബൈൽ ഫോണിൽ ഡയൽ ചെയ്യുന്ന നമ്പർ വരെ ക്യാമറയിലൂടെ കണ്ടെത്തുവാൻ സാധിക്കും എന്നതിനാൽ, സാമൂഹികവിരുദ്ധർ എരുമേലിയിൽ നിന്നും താവളം മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് പൊതു സമൂഹത്തിനു ആശ്വാസമാണ്.
ശബരിമല സീസണിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് വേണ്ടിയാണ് ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തി പോലീസ് സ്റ്റേഷനെ ഹൈടെക് കൺട്രോൾ റൂം ഉൾപ്പെടെ നവീകരിച്ച് പരിഷ്കരിച്ചത്. ഒട്ടേറ കുറ്റകൃത്യങ്ങൾ തത്സമയം തന്നെ പിടികൂടാൻ ഇത് മൂലം സാധ്യമായി. വഴിയാത്രികന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ബൈക്കിൽ പാഞ്ഞുപോയവരെ പിടികൂടാനായതും, വീട്ടമ്മയുടെ പണം അപഹരിച്ചയാളെ പിടികൂടിയതും ഉൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങൾ പിടികൂടിയത് ക്യാമറകളുടെ സഹായത്തിലാണ്. ട്രാഫിക് നിയമലംഘനങ്ങളാണ് ഏറെയും ക്യാമറകൾ മൂലം പിടികൂടി പിഴ ഈടാക്കാൻ കഴിഞ്ഞിട്ടുള്ളത്.
എന്നാൽ കുറ്റകൃത്യങ്ങൾ മാത്രമല്ല, പൊതുജനങ്ങളെ വിവിധ രീതിയിൽ സഹായിക്കുവാനും പോലീസ് ക്യാമറകൾ ഉപകാരപ്പെടും എന്നത് ഈ സംഭവത്തോടെ എരുമേലിയിൽ തെളിയിക്കപ്പെട്ടിരിക്കുകയാണ് .