രാവിനെ പകലാക്കിയ ആഘോഷവുമായി എരുമേലി ചന്ദനകുടമഹോത്സവം അവിസ്മരണീയമായി ..

എരുമേലി : കോവിഡ് നിയന്ത്രണങ്ങൾ മൂലം എരുമേലി ചന്ദനകുടമഹോത്സവ ഘോഷയാത്രയുടെ ദൈർഖ്യം കുറച്ചെങ്കിലും, ആവേശം ഒട്ടും കുറഞ്ഞില്ല. രാവിനെ പകലാക്കിയ ഘോഷയാത്രയ്ക്ക് ധർമശാസ്താ ക്ഷേത്രത്തിലും പേട്ട ശാസ്താക്ഷേത്രത്തിലും ആചാരപരമായ സ്വീകരണം ഒരുക്കി. ഘോഷയാത്ര കടന്നുപോയ വഴികളിൽ നാനാജാതി മതസ്ഥരും സ്വീകരണം നൽകി ഒരുമയിൽ പങ്കുചേർന്നു.

ശരണമന്ത്രങ്ങൾ നിറഞ്ഞ മസ്ജിദ് അങ്കണത്തിൽനിന്നു തിങ്കളാഴ്ച വൈകീട്ട് 7.30-ഓടെയാണ് ചന്ദനക്കുടം ഘോഷയാത്ര ഇറങ്ങിയത്. നെറ്റിപ്പട്ടം അണിഞ്ഞ് ഗജവീരൻ കാഞ്ഞിരങ്ങാട്ട് ശേഖരൻ പള്ളിയെ വണങ്ങി പുറം തിരിയാതെ പിന്നോട്ടിറങ്ങി. ഒപ്പം ആളുകളും. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും നിറഞ്ഞ ഘോഷയാത്രയുടെ മുൻനിരയിൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായിരുന്നു.

ഘോഷയാത്രയ്ക്ക് മുന്നോടിയായി നടന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ശേഷം ഘോഷയാത്ര ഫ്‌ളാഗോഫ് കർമ്മവും മന്ത്രി നിർവഹിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി., സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ഫാദർ വർഗീസ് പുതുപ്പറമ്പിൽ, എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ജമാഅത്ത് സെക്രട്ടറി സി.എ.എം. കരീം, എ.ഡി.എം ജിനു പുന്നൂസ്,സഖറിയാസ് ഡൊമിനിക് എന്നിവർ പങ്കെടുത്തു..

എരുമേലി പേട്ട ശാസ്താക്ഷേത്രഗോപുരത്തിൽ മേൽശാന്തി കെ. മനോജും, ധർമശാസ്താ ക്ഷേത്രത്തിൽ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി. ബൈജു, അസി. കമ്മിഷണർ ആർ.എസ്. ഉണ്ണികൃഷ്ണൻ, എ.ഒ. സി.പി.സതീഷ്‌കുമാർ തുടങ്ങിയവരും സ്വീകരണം നൽകി.

ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടൻ, എസ്.എച്ച്.ഒ. മനോജ് മാത്യു എന്നിവർ ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി.

error: Content is protected !!