കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂൾ സ്പോർട്സ് സ്‌കൂൾ ആക്കുന്നതിന് അനുമതിയായി – ഡോ.എൻ .ജയരാജ്

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂൾ സ്പോർട്സ് സ്‌കൂൾ ആക്കുന്നതിന് അനുമതി ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ദീര്‍ഘകാലമായി പരിഗണനയിലിരുന്ന പദ്ധതിയാണിത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടായത്.

കിഫ്ബി മുഖേന പൂർത്തീകരിക്കുവാൻ വിഭാവനം ചെയ്തിരിക്കുന്ന ഈ പ്രവർത്തിക്ക് ഏകദേശം 60 കോടി രൂപയാണ് പ്രാഥമിക കണക്കിൽ ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള കുന്നുംഭാഗം സ്‌കൂളിന്റെ ഏഴ് ഏക്കർ വരുന്ന സ്ഥലത്ത് സ്പോർട്സ് സൗകര്യങ്ങൾ വികസിപ്പിച്ച് സ്പോർട്സ് സ്‌കൂൾ ആയി പരിവർത്തനം ചെയ്യുന്നതാണ് പദ്ധതി.

മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം മാറ്റി പുതിയ കെട്ടിടം നിര്‍മ്മിച്ച് അതില്‍ നിലവിലുള്ള സ്‌കൂളിന്റെ 5 മുതല്‍ 10 വരെ ക്ലാസുകളും സ്പോര്‍ട്‌സ് സ്‌കൂളിന്റെ 7 മുതല്‍ 10 വരെ ക്ലാസുകളും നടത്താനാണ് ലക്ഷ്യമിടുന്നത്. പുതിയ അക്കാദമിക്ക് ബ്ലോക്കിന് 1 കോടി രൂപ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടം പൂര്‍ത്തിയാക്കി. 2 കോടി രൂപയുടെ രണ്ടാം ഘട്ടം നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ഇതിന് പുറമേയാണ് ഇപ്പോള്‍ തുക അനുവദിക്കുന്നത്.

സ്പോർട്സ് സ്‌കൂളിന്റെ ഭാഗമായി വോളിബോൾ കോർട്ട് , സ്വിമ്മിംഗ് പൂൾ, സിന്തറ്റിക്ക് ട്രാക്ക്, ഫുട്‌ബോൾ ടർഫ് , ക്രിക്കറ്റ് പരിശീലന സൗകര്യം, കൂടാതെ സ്പോർട്സ് സ്‌കൂളിലെ കുട്ടികള്‍ക്കും പരിശീലകര്‍ക്കും താമസിക്കുന്നതിനുള്ള ഹോസ്റ്റൽ എന്നിവയുള്‍പ്പെടെയാണ് പദ്ധതി. വിശദമായ പ്രോജക്ട് തയാറായിവരുന്നുണ്ടെന്നും നടപടികൾ പൂർത്തിയാക്കി വളരെ വേഗത്തിൽ തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ചീഫ് വിപ്പ് അറിയിച്ചു.

error: Content is protected !!