അമ്പലപ്പുഴ സംഘം മണിമലക്കാവിലെത്തി ആഴിപൂജ നടത്തി
മണിമല: ശബരിമല തീർഥാടനത്തിനും എരുമേലി പേട്ടതുള്ളലിനുമെത്തുന്ന അമ്പലപ്പുഴ ഭക്തസംഘം മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി. സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള മുന്നൂറോളം വരുന്ന സംഘത്തിന്റെ രഥഘോഷയാത്രയെ ക്ഷേത്രം മേൽശാന്തി സുരേഷ് നമ്പൂതിരി, ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശബരിമല ഉല്പത്തിമുതൽ അമ്പലപ്പുഴ സംഘം മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി വിശ്രമിച്ച് പിറ്റേദിവസം രാവിലെ മുതൽ മണിമലക്കാവ് ഭഗവതിക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ നടത്തിയാണ് എരുമേലിക്ക് പുറപ്പെടുന്നത്.
ഞായറാഴ്ച രാവിലെ എട്ടിന് പടുക്ക, കമ്പിളിവിരിക്കൽ, സമൂഹസദ്യ, വൈകീട്ട് ഭജന, സർവപ്രായശ്ചിത്തം, ആഴിപൂജ എന്നിവ നടത്തും. സംഘാംഗങ്ങൾ മണ്ഡല വൃതകാലഘട്ടത്തിൽ അറിഞ്ഞോ, അറിയാതെയോ ചെയ്തിട്ടുള്ള തെറ്റുകൾക്ക് മണിമലക്കാവ് ക്ഷേത്രത്തിലെ ശാസ്താനടയിൽ സമൂഹപ്പെരിയോൻ മുൻപാകെ സർവപ്രായശ്ചിത്തം നടത്തി ദക്ഷിണ നൽകിയ ശേഷമാണ് ആഴിപൂജയിൽ പങ്കെടുക്കുക. ഞായറാഴ്ച രാത്രി ഒൻപതിന് ആഴിപൂജ നടക്കും. തിങ്കളാഴ്ച രാവിലെ സംഘം എരുമേലിക്ക് തിരിക്കും.