ചുവപ്പണിഞ്ഞ് കോട്ടയം; സിപിഎം ജില്ലാ സമ്മേളനത്തിനു തുടക്കമായി
കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിനു കൊടിയുയർന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംസ്ഥാനനേതാക്കളും കഴിഞ്ഞ നാലുവർഷത്തെ പാർട്ടിയുടെ നേട്ടങ്ങളും കോട്ടങ്ങളും ചർച്ച ചെയ്യും. ഒപ്പം പുതിയ കാലത്തെ നയിക്കുന്നതിനായുള്ള പുതുനേതൃനിരയെ യും തെരഞ്ഞെടുക്കും.
കോട്ടയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം മാമ്മൻ മാപ്പിള ഹാളിലെ വി.ആർ. ഭാസ്കരൻ നഗറിലും പൊതുസമ്മേളനം തിരുനക്കര മൈതാനത്തും അനുബന്ധ പരിപാടികൾ പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തുമാണ്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന്റെ പാർട്ടി നേടിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സമ്മേളനം. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് സമ്മേളന നടപടികൾ.
എസ്ആർപി ടീം
പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയുടെ നേതൃത്വത്തിലുള്ള ടീമാണ് സമ്മേളനത്തിനെത്തുന്നത്. കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, ഡോ. ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ, എളമരം കരിം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, പി. രാജീവ്, സംസ്ഥാന സമിതിയംഗം വി.എൻ. വാസവൻ എന്നിവർ സമ്മേളത്തിൽ മുഴുവൻ സമയവും പങ്കെടുക്കും. പ്രതിനിധി സമ്മേളനം എസ്. രാമചന്ദ്രൻപിള്ളയും പൊതുസമ്മേളനം എ. വിജയരാഘവനും ഉദ്ഘാടനം ചെയ്യും. പിണറായി-കോടിയേരി ടീമും എസ്ആർപി-എ. വിജയരാഘവൻ ടീമുകൾക്കാണ് സമ്മേളന നടത്തിപ്പിന്റെ ചുമതല.
റസൽ തുടരും:
ജില്ലാ കമ്മിറ്റിയിലും
സെക്രട്ടേറിയറ്റിലും
പുതുമുഖങ്ങൾ
നിലവിലെ ജില്ലാ സെക്രട്ടറി എ.വി. റസൽ സെക്രട്ടറിയായി തുടരും. വി.എൻ. വാസവൻ മന്ത്രിയായതിനെത്തുടർന്നാണ് ഒന്പതു മാസം മുന്പാണ് റസൽ സെക്രട്ടറിയാകുന്നത്. റസൽ തുടരുന്നതിനോടാണ് സംസ്ഥാന നേതൃത്വത്തിനും താത്പര്യം. ജില്ല കമ്മിറ്റിയംഗങ്ങളുടെ എണ്ണം 37ൽ നിന്നും വർധിപ്പിച്ചേക്കും. രണ്ട് അംഗങ്ങളേക്കൂടി ഉൾപ്പെടുത്താനാണ് സാധ്യത. 75 വയസുകഴിഞ്ഞവരെ ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കും. പി.എൻ. പ്രഭാകരൻ, എം.ടി. ജോസഫ് എന്നിവർ ഒഴിവാകും. യുവജന പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, പ്രസിഡന്റ് കെ.ആർ. അജയ് എന്നിവരിലൊരാളെ പരിഗണിക്കും. മഹിളാ പ്രാതിനിധ്യം കൂട്ടാൻ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. ബിന്ദുവിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും. ജില്ലാ കമ്മിറ്റിയിലില്ലാത്ത ഏരിയാ സെക്രട്ടറിമാരെയും പരിഗണിക്കും. ഇതിൽ തലയോലപ്പറന്പ് ഏരിയാ സെക്രട്ടറി ശെൽവരാജ്, വാഴൂർ ഏരിയാ സെക്രട്ടറി വി.ജി. ലാൽ എന്നിവർക്കാണ് മുൻഗണന.
വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ എട്ടംഗ ജില്ലാ സെക്രട്ടേറിയറ്റ് ഒന്പതാക്കും. സംസ്ഥാന സമിതിയംഗം കൂടിയായ മന്ത്രി വി.എൻ. വാസവനും മുതിർന്ന അംഗം എം.ടി. ജോസഫും സെക്രട്ടേറിയറ്റിൽനിന്നും ഒഴിവാകും. പകരം മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവായ കൃഷ്ണകുമാരി രാജശേഖരനും സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയായും സെക്രട്ടേറിയറ്റിൽ ഇടംനേടും. കെ. അനിൽകുമാർ, പി.ജെ. വർഗീസ്, ജോയി ജോർജ് എന്നിവരും പരിഗണനയിലുണ്ട്. പ്രായപരിധിയിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും വൈക്കം വിശ്വനും കെ.ജെ. തോമസും ഒഴിവാകും. ഇവർക്കും പകരമായി ജില്ലാ സെക്രട്ടറി എ.വി. റസലും കെ. സുരേഷ് കുറുപ്പും സംസ്ഥാന കമ്മിറ്റിയിലെത്താനാണ് സാധ്യത.
പാലാ, കടുത്തുരുത്തി
തോൽവി, ഈരാറ്റുപേട്ടയിലെ എസ്ഡിപിഐ ബന്ധം
ചർച്ചയാകും
നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ ഇടതു സ്ഥാനാർഥികൾ പരാജയപ്പെട്ടതായിരിക്കും സമ്മേളനത്തിലെ പ്രധാന ചർച്ച. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ ചർച്ചയുമുണ്ടാകും. ഈരാറ്റുപേട്ടയിൽ നഗരസഭയിൽ എസ്ഡിപിഐ പിന്തുണയടെ അവിശ്വാസത്തെ പിന്തുണച്ചതും പാർട്ടിയംഗങ്ങൾക്കെതിരേയുണ്ടായ നടപടിയും പാലാ ഏരിയായിലെ വിഭാഗിയതയും ചൂടേറിയ ചർച്ചയാകും. കെ-റെയിൽ, സംസ്ഥാന സർക്കാരിന്റെ ഭരണം, ജില്ലയിലെ വികസനപ്രവർത്തനങ്ങൾ എന്നിവയും ചർച്ചയാകും.
കീചകവധം മേജർ സെറ്റ്
കഥകളിയും തീപ്പാട്ടും
തിരുവനന്തപുരം ജില്ലാ സമ്മേളത്തിൽ മെഗാതിരുവാതിരയാണെങ്കിൽ കോട്ടയത്ത് കഥകളിയാണ്. 14നു രാത്രി ഏഴു മുതൽ തിരുനക്കര പഴയപോലീസ് സ്റ്റേഷൻ മൈതാനത്താണ് കഥകളി. കീചക വധം കഥകളിയിലെ മല്ലയുദ്ധമാണ്. അന്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാലയമാണ് അവതരണം.
15ന് വൈകുന്നേരം തീപ്പാട്ട് കലാകാരന്മാരുടെ തീപ്പാട്ട് അവതരണവുമുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി പുസ്തകോത്സവും കാർഷിക നാട്ടുചന്തയും നാടൻ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉപയോഗക്ഷമമായ സാധനങ്ങൾ കൈമാറുന്നതിനായി സ്വാപ് സെന്ററുമുണ്ട്.