ജോസഫിന്റെ കൃഷിയിടത്തിൽ നൂറുമേനി വിളവെടുത്തു
കാഞ്ഞിരപ്പള്ളി: സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയതിൽ നൂറുമേനി വിളവ്. അഞ്ചരയേക്കറിൽ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി കാരിയ്ക്കൽ ജോസഫ് ഡൊമിനിക്കിന്റെ കൃഷിയിടത്തിലാണ് ബുധനാഴ്ച വിളവെടുപ്പ് നടത്തിയത്.
എറികാട്, മഞ്ഞപ്പള്ളി, ആക്കാട്ട്‌കോളനി എന്നിവിടങ്ങളിലാണ് കൃഷിയിറക്കിയത്. 500-കിലോയോളം മത്തങ്ങയാണ് വിളവെടുത്തത്. പാട്ടത്തിനെടുത്ത അഞ്ചരയേക്കർ ഭൂമിയിലാണ് കപ്പ, വാഴ, മത്തങ്ങ, വെണ്ട, പയർ, പാവൽ, പടവലങ്ങ, ചേന, കാച്ചിൽ തുടങ്ങിയവ ജോസഫ് കൃഷിയിറക്കിയത്. അയ്യായിരം മൂട് കപ്പ, 2500 വാഴ, ഒന്നരയേക്കറിലായി പച്ചക്കറി എന്നിങ്ങനെയാണ് നട്ടത്.
പൂർണമായും ജൈവവളങ്ങളാണ് കൃഷിക്കായി ഉപയോഗിച്ചത്. കൃഷിപ്പണിയും തനിയെയാണ് ഈ അറുപത്തിരണ്ടുകാരൻ ചെയ്യുന്നത്. രാവിലെ ആറിന് കൃഷിയിടത്തിലേക്ക് ഇറങ്ങിയാൽ വൈകീട്ട് ആറുവരെ പണിയെടുക്കും. കാർഷിക കുടുംബത്തിൽ ജനിച്ചുവളർന്ന ജോസഫ് കൃഷി നിർത്തി മറ്റുജോലികൾ തേടിയിരുന്നു. എന്നാൽ രണ്ടരവർഷം മുൻപ് വീണ്ടും കൃഷിയിലേക്ക് ഇറങ്ങി കഴിഞ്ഞവർഷം പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡും നേടിയിരുന്നു.
പ്രളയം കൃഷിയേയും ബാധിച്ചെങ്കിലും മികച്ചവിളവ് ലഭിച്ചതായി ജോസഫ് പറയുന്നു. ഗ്രീൻ ഷോർ, ഇക്കോ ഷോപ്പ് എന്നിവ വഴിയാണ് വിളകൾ വിറ്റഴിക്കുന്നത്. ഇതു കൂടാതെ പൊതുവിപണിയിലും വിൽപ്പന നടത്തുന്നുണ്ട്. വിളവ് ആവശ്യത്തിനുണ്ടെങ്കിൽ വാങ്ങുവാൻ ആവശ്യക്കാരെ ലഭിക്കാത്തത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ജോസഫ് പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിമല ജോസഫ്, ജോളി മടുക്കക്കുഴി, പഞ്ചായത്ത് അംഗം അമ്പിളി ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർ ട്രീസ്സാ സെലിൻ തുമ്പമട കർഷകസംഘം പ്രസിഡന്റ് സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.