കാഞ്ഞിരപ്പള്ളി കാത്തിരിക്കുന്നു, ആ ബൈപാസിനായി..
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വികസനമെത്തണമെങ്കിൽ കാഞ്ഞിരപ്പള്ളിക്കാർ കാത്തിരിക്കുന്ന ബൈപാസ് വരണം.
അത് എന്ന് യാഥാർഥ്യമാകുമെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ് ടൗണിലെ ഗതാഗതക്കുരുക്ക് മാറ്റാൻ വിഭാവനം ചെയ്ത ബൈപാസ്. പദ്ധതിയെക്കുറിച്ചു കേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ഒരു ലോഡ് മണലോ കല്ലോ ഇതുവരെ എത്തിയിട്ടില്ല. പ്രഖ്യാപിച്ച നാൾ മുതൽ ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുകയാണ്.
വർഷങ്ങളായി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ടൗണാണു കാഞ്ഞിരപ്പള്ളി. പത്തുപേർ ഒത്തുകൂടിയാലോ ഒരു വാഹനം റോഡരികിൽ നിർത്തിയാലോ നിമിഷങ്ങൾക്കുള്ളിൽ ടൗണ്‍ ഗതാഗതക്കുരിക്കിലാകും.
രണ്ട് ബൈപാസുകളാണു കാഞ്ഞിരപ്പള്ളിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള മെയിൻ ബൈപാസും ത്രിതല പഞ്ചായത്തുകളുടെ ഫണ്ട്, എംപി, എൽഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് ചിറ്റാർ പുഴയോരത്തുകൂടിയുള്ള മിനി ബൈപാസും.
അൽഫോൻസ് കണ്ണന്താനം എംഎൽഎയായിരിക്കെയാണ് മെയിൻ ബൈപാസിന് തുടക്കമിട്ടത്. 2007-08ൽ സർക്കാർ ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തി പ്രാരംഭ പവർത്തനങ്ങൾക്ക് 9.2 കോടി രൂപ അനുവദിച്ച് തുടക്കമിട്ടതാണ്. ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കൽനിന്നു മണിമല റോഡിനും ചിറ്റാർപുഴയ്ക്കും കുറകെ പാലം നിർമിച്ച് ടൗണ്‍ ഹാളിന് സമീപത്തുകൂടി പൂതക്കുഴിയിൽ ദേശീയപാതയിൽ പ്രവേശിക്കുന്നതാണ് നിർദിഷ്ട ബൈപാസ്.
1.65 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസിൽ ഒരു പാലവും അഞ്ച് കലുങ്കുകളും നിർമിക്കും. ശരാശരി 15 മുതൽ 20 മീറ്റർ വരെയായിരിക്കും വീതി. വേണ്ടരീതിയിൽ നടപടിക്രമങ്ങൾ നടക്കുന്നില്ലെന്നാണ് ആരോപണം.
വർഷങ്ങളായിട്ടും പ്രവർത്തനങ്ങളൊന്നും പുരോഗമിക്കുന്നില്ലെന്ന് ജനങ്ങൾ പറയുന്നു. ബൈപാസിനുള്ള ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ ഈ മാസം പൂർത്തിയാകുമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു.
സ്ഥലമുടമകൾക്ക് നോട്ടീസ് നൽകി പണം നൽകാനുള്ള നടപടി കളക്ടർ തുടങ്ങി. അത് ഈ മാസം തന്നെ പൂർത്തിയാകുമെന്നും ബൈപാസിനുള്ള തടസങ്ങൾ നീങ്ങി ഉടൻ നിർമാണം ആരംഭിക്കുമെന്നും ജയരാജ് പറഞ്ഞു.
ചലനമറ്റ മിനി ബൈപാസ്
മിനി ബൈപാസ് നിർമാണവും ചലനമറ്റ നിലയിലാണ്. നിലവിൽ കാടുകയറിയ നിലയിലാണ് പദ്ധതി പ്രദേശം. 2011 ൽ പദ്ധതി തയാറാക്കി 2012 ൽ ചിറ്റാർ പുഴയുടെ ഒരു വശവും പുഴയോടു ചേർന്നുള്ള പുറന്പോക്കും കെട്ടിയെടുത്താണ് മിനി ബൈപാസിന്റെ നിർമാണം ആരംഭിച്ചത്. സംരക്ഷണ ഭിത്തി കെട്ടിയെടുത്ത് നിർമിച്ച വഴിയാണ് ഇപ്പോൾ കാടുകയറി നശിക്കുന്നത്. പൂർണമായ രൂപരേഖ ഇല്ലാതെ നിർമാണം ആരംഭിച്ചതാണ് പദ്ധതി പാതിവഴിയിൽ നിലയ്ക്കാൻ കാരണം. ലോക ബാങ്കിന്റെയും ധനകാര്യ കമ്മീഷന്റെയും ഫണ്ട് ഉപയോഗിച്ചാണു പണികൾ ആരംഭിച്ചത്. 1.20 കോടി രൂപ ചെലവഴിച്ചെങ്കിലും ചിറ്റാർപുഴയുടെ ഓരം കെട്ടിയെടുക്കുക മാത്രമാണ് ചെയ്തത്. പേട്ടക്കവലയിൽനിന്നാംരംഭിച്ച് ചിറ്റാർ പുഴയോരത്തുകൂടി ടൗണ്‍ ഹാളിനു സമീപത്ത് കുരിശുങ്കൽ ജംഗ്ഷനിൽ മണിമല റോഡിലെത്തുന്നതാണ് പദ്ധതി. മധ്യഭാഗത്തുനിന്നു ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ഇന്നും ഇരുവശങ്ങളിലും എത്തിപ്പെടാതെ പാതിവഴിയിൽ നിലച്ചു കിടക്കുകയാണ്. ബൈപാസിന്റെ നിർമാണം ആരംഭിച്ച് ദേശീയ പാതയിൽ പ്രവേശിക്കണമെങ്കിൽ ഇനിയും നിയമകുരുക്കുകൾ ഏറെയാണ്.