ചേനപ്പാടിക്കാർ ചോദിക്കുന്നു: കടവനാൽകടവ് പാലം എന്ന് ശരിയാക്കും?

കഴിഞ്ഞ ഒക്ടബോറിലുണ്ടായ പ്രളയത്തിലാണ് കടവനാൽക്കടവ് പാലത്തിനു ബലക്ഷയം ഉണ്ടായത്. പാലത്തിൻ്റെ ഇരുഭാഗങ്ങളും അടച്ച് വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ട് മൂന്നുമാസമായി.

കാഞ്ഞിരപ്പള്ളി : അക്കരെ പൂഞ്ഞാർ നിയോജക മണ്ഡലവും എരുമേലി പഞ്ചായത്തും ഇക്കരെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലവും കാഞ്ഞിരപ്പള്ളി പഞ്ചായത്തും. ജനപ്രതിനിധികൾ ഏറെ ഉണ്ടായിട്ടും ഇരുകരകളെയും ബന്ധിപ്പിക്കുന്ന കടവനാൽക്കടവ് പാലത്തിന് ഒരു ഗുണവുമില്ല. അപകടത്തിലായ പാലത്തിൻ്റെ ഇരുഭാഗങ്ങളും അടച്ചിട്ട് മൂന്നുമാസമായി. പൊരിവെയിലത്ത് മൂന്നുകിലോമീറ്ററോളം നടക്കാനാണ് ചേനപ്പാടിക്കാരുടെ വിധി.

കഴിഞ്ഞ ഒക്ടബോർ മാസത്തിലെ പ്രളയത്തിലാണ് നാടിനെ ഒന്നാകെ ദുരിതത്തിലാക്കി മണിമലയാറിനു കുറുകെയുള്ള കടവനാൽക്കടവ് പാലത്തിനു ബലക്ഷയം സംഭവിച്ചത്. പ്രളയജലം കുത്തിയൊലിച്ചെത്തിയതോടെ പാലത്തിൻ്റെ ഡക്ക്സ്ലാബിന്റെ ഒരു സ്പാൻ തെന്നിമാറുകയായിരുന്നു. പാലത്തിനു മുകളിലൂടെ വെള്ളമൊഴുകി മരത്തടികളടക്കം ഇടിച്ച് ഏകദേശം രണ്ടടിയിലേറെയാണ് സ്പാൻ തെന്നിനീങ്ങിയത്. പാലത്തിൻ്റെ കൈവരികൾക്കും നാശം സംഭവിച്ചിരുന്നു. ഇതോടെയാണ് അപകടത്തിലായ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് ഇരുഭാഗങ്ങളും അടച്ചത്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ തുടങ്ങിയ ചെറിയ വാഹനങ്ങൾക്കു മാത്രമേ പാലത്തിലൂടെ സഞ്ചരിക്കാനാകൂ. മന്ത്രി വി എൻ വാസവൻ അടക്കം സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി മടങ്ങിയിരുന്നു. എന്നാൽ മാസം മൂന്നു പിന്നിട്ടിട്ടും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല തീരുമാനങ്ങളുമില്ല.

വിവിധ ആവശ്യങ്ങൾക്കായി ചേനപ്പാടിക്കാർ ഏറെയും ആശ്രയിക്കുന്നത് കാഞ്ഞിരപ്പള്ളിയേയാണ്. പ്രദേശത്തെ നിരവധി വിദ്യാർഥികളാണ് കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്നത്. സ്ത്രീകളടക്കം നിരവധി പേർ കാഞ്ഞിരപ്പള്ളിയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. പാലം അടച്ചു ബസ് ഗതാഗതം താറുമാറായതോടെ ഇവരെല്ലാം ഇന്ന് പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലാണ്. സ്വന്തമായി വാഹനമില്ലാത്തവർക്ക് ബസ് കിട്ടണമെങ്കിൽ ചേനപ്പാടിയിൽ നിന്നും ഒന്നരകിലോമീറ്റർ മാറി, പാലം തുടങ്ങുന്ന കടവനാൽക്കടവ് ജംഗഷ്നിൽ എത്തണം. ചുട്ടുപൊള്ളുന്ന വെയിലിൽ വയോജനങ്ങളും വിദ്യാർഥികളും കാൽനടയായാണ് ബസ് കയറാൻ എത്തുന്നത്. അടിയന്തര ആവശ്യങ്ങൾക്കായി ആംബുലൻസിനോ, ഫയർ ഫോഴ്സിനോ പോലും ഇതുവഴി പോകാനാകില്ല.

മൂന്നു മാസം കഴിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികാരികൾക്കു മുന്നിൽ പ്രതിഷേധ സ്വരം കടുപ്പിക്കാൻ തന്നെയാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും തീരുമാനം. ‘ഏകദേശം 95 ലക്ഷത്തോളം രൂപ പാലത്തിൻ്റെ കേടുപാടുകൾ പരിഹരിക്കാനായി ആവശ്യമായി വരുമെന്നാണ് സ്ഥലം സന്ദർശിച്ച വിദഗ്ധ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ആറ്റിലിറങ്ങി നിർമാണം നടത്തേണ്ടതിനാലാണ് ഇത്രയും ഭീമമായ ചെലവ് വരുന്നത്. പാലം നിർമാണം ഏറ്റെടുക്കാൻ ഒരു കമ്പനി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഇത്രയധികം തുക അനുവദിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. മന്ത്രിയുടെ മേശയിൽ ഫയൽ എത്തിയിട്ടുണ്ട്. ഇനി അനുമതിയാണ് വേണ്ടത്. 10 വർഷം പിന്നോട്ടുപോയ അവസ്ഥയാണ് ഇവിടെ. ഉടൻ ഇടപെടൽ ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എംഎൽഎമാർക്ക് നിവേദനം നൽകാനാണ് തീരുമാനം.’- ചേനപ്പാടി വികസന സമിതി പ്രസിഡൻ്റ് എം ആർ ശ്രീജിത്ത് പറഞ്ഞു.

‘നിലവിൽ പാലത്തിൻ്റെ തൂണുകൾക്ക് ബലക്ഷയമില്ല. ഭാരം താങ്ങാനുള്ള പാലത്തിൻ്റെ ശേഷി വിദഗ്ധ സംഘത്തെ എത്തിച്ച് പരിശോധിപ്പിക്കണം. വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് മറ്റ് പ്രശ്നങ്ങളില്ലെന്ന് ഇവർ കണ്ടെത്തുകയാണെങ്കിൽ പാലം തുറന്നുകൊടുക്കണം. വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളും യാത്രാ സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. നാടിൻ്റെ വിഷയമായിട്ട് ഒരു ജനപ്രതിനിധി പോലും ഇടപെടുന്നില്ല. ഇനിയും ഈ അവസ്ഥ തുടരുകയാണെങ്കിൽ എംഎൽഎയെയടക്കം തടഞ്ഞ് പ്രതിഷേധം ശക്തമാക്കും.’- സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് അലക്സ് കാളാന്തറ പറഞ്ഞു.

error: Content is protected !!