ഏഴ് പതിറ്റാണ്ടിന്റെ സിനിമാ കഥകളുമായി കാഞ്ഞിരപ്പള്ളി ബേബി തിയേറ്റർ

കാഞ്ഞിരപ്പള്ളി : കഴിഞ്ഞദിവസം മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണ കാഞ്ഞിരപ്പള്ളി ബേബി തിയേറ്ററിന്, തലമുറകളെ സിനിമ കാണിച്ച ഏഴ് പതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത്.

കാഞ്ഞിരപ്പള്ളിയുടെ ഗൃഹാതുര ഓർമകളിൽ ബേബി തിയേറ്ററിനുള്ള സ്ഥാനം വലുതാണ്. സിനിമാ ആരംഭിക്കുന്നതിന് മുൻപ് പട്ടണത്തിലൂടെ ചെണ്ടകൊട്ടി അറിയിച്ച് നടക്കുന്നതും സിനിമാ ആരംഭിക്കുന്നതിന് മുൻപുള്ള ഭക്തി ഗാനവുമെല്ലാം ബെഞ്ചിലിരുന്ന സിനിമാ കാണലുമെല്ലാം പഴമക്കാരുടെ ഓർമകളാണ്.

നിലവിലെ മിനി സിവിൽ സ്റ്റേഷന് എതിർവശത്തായി ചിറ്റാർ പുഴയോരത്ത് മാളിയേക്കൽ കെ.ടി. വർഗ്ഗീസ് 1950-കളിലാണ് ബേബി തിയേറ്റർ ആരംഭിക്കുന്നത്. 1960-ൽ പുറത്തിറക്കിയ ഉമ്മ, 1962-ൽ ഭാര്യ, വീണ്ടും ചലിക്കുന്ന ചക്രം, വിടപറയും മുൻപേ, ആവനാഴി, ഇരുപതാംനൂറ്റാണ്ട്, ചിത്രം, സി.ബി.ഐ. ഡയറിക്കുറിപ്പ് തുടങ്ങിയ ചിത്രങ്ങൾ നൂറ് ദിവസം ഓടി. തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ മമ്മൂട്ടിയും കൂട്ടുകാരും സിനിമാ കാണുന്ന രംഗം ചിത്രീകരിച്ചത് ഇവിടെയാണ്. അന്തരിച്ച സിനിമാ സംവിധായകൻ തമ്പി കണ്ണന്താനം, നടൻ ബാബു ആന്റണി എന്നിവർ ആദ്യകാലങ്ങളിൽ സിനിമാ കാണാനെത്തുന്നത് പതിവായിരുന്നു.

മുണ്ടക്കയം, പൊൻകുന്നം എന്നിവിടങ്ങളിൽ മൾട്ടിപ്ലക്സുകൾ വന്നെങ്കിലും ബേബി തിയേറ്ററിൽ നിറഞ്ഞ സദസ്സുകളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

ആദ്യ ലോക്‌ഡൗണിൽ അടച്ച സിനിമാ തിയേറ്റർ പിന്നീട് തുറന്നിട്ടില്ല. കാഞ്ഞിരപ്പള്ളിയിലെ മറ്റൊരു തിയേറ്ററായ ഗ്രാൻഡ്‌ ഒപ്പേറയും തുറന്നിട്ടില്ല. ബേബി തിയേറ്റർ ആരംഭിച്ച് കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുശേഷം വാടകയ്ക്ക് നൽകി. ഉടമയും വാടകക്കാരനും ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ തിയേറ്ററിന്റെ പുറമെയുള്ള നവീകരണ പ്രവർത്തനങ്ങൾ പിന്നീട് നടത്താനായില്ല. 2005-ൽ സ്‌ക്രീനും ശബ്ദവും ആധുനികവത്കരിക്കുകയും സാറ്റ്‌ലൈറ്റ് സംവിധാനങ്ങൾ തുടങ്ങുകയും ചെയ്തു. വീണ്ടും ബേബി തിയേറ്ററിൽ സ്‌ക്രീനിൽ സിനിമയുടെ വെള്ളിവെളിച്ചം തെളിയുമെന്ന പ്രതീക്ഷയിലാണ് കാഞ്ഞിരപ്പള്ളയിലെ സിനിമാപ്രേമികൾ.

error: Content is protected !!