ചെന്നാപ്പാറയിൽ പുലിയെ കണ്ടതായി തൊഴിലാളി
മുണ്ടക്കയം ഇൗസ്റ്റ് ∙ ചെന്നാപ്പാറ മുകൾ ഭാഗത്ത് എസ്റ്റേറ്റിൽ പുലിയെ കണ്ടതായി തൊഴിലാളി. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. റബർ മരങ്ങൾ വെട്ടുന്നതിനിടെ ഓംകാരത്തിൽ മോഹനനാണ് ഇന്നലെ രാവിലെ പുലിയെ കണ്ടത്. ഉടൻ വനപാലകരെയും മറ്റു തൊഴിലാളികളെയും വിവരമറിയിച്ചു. പുലിയുടേതെന്നു കരുതുന്ന കാൽപാടുകൾ വനപാലകർ പരിശോധിച്ചു. മാസങ്ങളായി പ്രദേശത്തു പുലിയെ കാണുന്നതായി അഭ്യൂഹമുണ്ട്. ഒരു മാസം മുൻപ് ഒരു പശുവും നായയും കടിയേറ്റു ചത്തിരുന്നു. ഇതു പുലിയുടെ ആക്രമണം ആണെന്നാണു നാട്ടുകാർ പറയുന്നത്.
അതേസമയം, കാൽപാടുകൾ മാത്രം നോക്കി പുലിയാണെന്നു പറയാൻ കഴിയില്ലെന്നു വനം വകുപ്പ് അറിയിച്ചു. ഉറപ്പാക്കിയാൽ പിടിക്കാൻ നടപടിയെടുക്കും. പുലിയെ കണ്ടു എന്നു പറയപ്പെടുന്ന സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.