വയലാർ തിരി തെളിച്ച ഗ്രാമദീപം കാണാൻ ഭാരതി തമ്പുരാട്ടി എത്തി
ചിറക്കടവ് ∙ ഓർമകളുടെ കൈപിടിച്ച് ഗ്രാമദീപം വായനശാലയിൽ ഭാരതി തമ്പുരാട്ടി എത്തി. 7 പതിറ്റാണ്ടു മുൻപ് പ്രിയതമൻ തിരി തെളിച്ച വായനശാലയിൽ വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി എത്തിയത് മകൾ യമുനയ്ക്കും മരുമകൻ പ്രസാദ് വർമയ്ക്കും ഒപ്പമാണ്. വയലാർ രാമവർമ 1953ൽ തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് ഗ്രാമദീപം വായനശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാമദീപം എന്ന പേര് പിന്നീട് ആ പ്രദേശത്തിന്റെ പേരായി. വയലാറിന്റെ കൈപ്പട പതിഞ്ഞ സന്ദർശക ഡയറി ഭാരതി തമ്പുരാട്ടി കണ്ടു. പൊൻകുന്നം വർക്കി, തകഴി, കാരൂർ നീലകണ്ഠപ്പിള്ള, പി.എൻ.പണിക്കർ, ഡിസി കിഴക്കെമുറി, പൊൻകുന്നം ദാമോദരൻ, തിലകൻ, സ്വാതന്ത്യസമര പോരാളികളായിരുന്ന കെ.ജെ.തോമസ്, വി.വി.വർക്കി എന്നിവരൊക്കെ അതിഥികളായി എത്തിയിട്ടുണ്ട് ഗ്രാമദീപത്തിൽ.
വയലാർ കുടുംബത്തെ സ്വീകരിക്കാൻ വയലാറിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടിയ സംഗീതജ്ഞനുമായ കെപിഎസി രവി എത്തി.പ്രസിഡന്റ് കെ.എസ്.രാജൻ പിള്ളയും സെക്രട്ടറി പി.എൻ.സോജനും ടി.പി.ശ്രീലാലും ചേർന്ന് പൂച്ചെണ്ടും മധുരവും നൽകി സ്വീകരിച്ചു. രണ്ടു മണിക്കൂറോളം വായനശാലാ പ്രവർത്തകരുമായി എഴുത്തിന്റെയും വായനയുടെയും ഗ്രന്ഥശാലാ പ്രവർത്തനത്തിന്റെയും വയലാർ കവിതകളുടെയും ഓർമകൾ പങ്കുവച്ച് അവർ മടങ്ങി, മനസ്സ് നിറഞ്ഞ്.