പഞ്ചായത്ത് വക സ്ഥലത്ത് സമീപവാസി റോഡ് നിർമിച്ചതായി പരാതി

എലിക്കുളം ∙ ഇളങ്ങുളം വെള്ളാങ്കാവ് ശുദ്ധജല പദ്ധതിയുടെ കുളത്തിന്റെ കരയിൽ പഞ്ചായത്ത് വക സ്ഥലത്തു കൂടി സമീപവാസി റോഡ് നിർമിച്ചതായി പരാതി. വെള്ളാങ്കാവ് ശുദ്ധജല പദ്ധതി സംരക്ഷണ സമിതി കൺവീനർ ചെരിയംപ്ലാക്കൽ സി.ജി.സോമശേഖരൻ നായരാണ് കലക്ടർ, ആർഡിഒ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവർക്ക് പരാതി നൽകിയത്. പരാതിയിൽ തുടർ നടപടി സ്വീകരിക്കുമെന്ന് ആർഡിഒ ഉറപ്പു നൽകി.

സ്ഥലം പഞ്ചായത്ത് വക

കടുത്ത വേനലിലും ജലസമൃദ്ധിയുള്ള 12-ാം വാർഡിലെ വെള്ളാങ്കാവ് ശുദ്ധജല പദ്ധതിയുടെ കുളത്തിന്റെ അരികിൽ കൽക്കെട്ട് നിർമിച്ച് മണ്ണിട്ട് നികത്തി സമീപത്തെ വ്യക്തിയുടെ വീട്ടിലേക്ക് റോഡ് നിർമിച്ചെന്നാണ് ആരോപണം. പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗമാണിത്. ശുദ്ധജല പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി വർഷങ്ങൾക്കു മുൻപ് സ്ഥലം പഞ്ചായത്തിനു ലഭ്യമാക്കിയതാണെന്ന് സോമശേഖരൻ നായർ പറയുന്നു. 

മഞ്ഞപ്പള്ളിൽ അവിനാശ് യു.കൃഷ്ണനാണ് 16.9 സെന്റ് സ്ഥലം പഞ്ചായത്തിനു നൽകിയത്.കുളക്കരയിലൂടെ കുളത്തിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത വിധമാണ് റോഡ് നിർമിച്ചത്. വീട്ടിലേക്കു നടന്നു പോകുന്നതിന് തടസ്സമില്ലാതിരിക്കെയാണ് പഞ്ചായത്തിന്റെ അനുമതിയോടെ ഈ മട്ടിൽ റോഡ് നിർമിച്ചതെന്നും സോമശേഖരൻ നായർ പറയുന്നു.

തീരുമാനം പഞ്ചായത്ത് കമ്മിറ്റിയുടേത്: പ്രസിഡന്റ്

പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്താണ് സമീപത്തെ നിർധനനായ വ്യക്തിയുടെ വീട്ടിലേക്ക് റോഡ് സൗകര്യത്തിനായി നടപടിയെടുത്തതെന്ന് പ്രസിഡന്റ് എസ്.ഷാജി പറയുന്നു. രോഗിയുള്ള കുടുംബത്തിന് ആശുപത്രി യാത്രകൾക്ക് വാഹനമെത്താൻ നിലവിൽ സൗകര്യമില്ല. അതിനാൽ മാനുഷിക പരിഗണനയിലാണ് നടപടി. 

പഞ്ചായത്തിന്റെ സ്ഥലം വിട്ടു കൊടുത്തിട്ടില്ല. ഇതുവഴി അവർക്കു വാഹനം കൊണ്ടുപോകാൻ സൗകര്യത്തിന് വഴി നിരപ്പാക്കുകയാണ് ചെയ്തത്. വ്യക്തിയുടെ ബന്ധുവാണ് ഒരു ലക്ഷം രൂപ മുടക്കി കൽക്കെട്ട് നിർമിച്ച് മണ്ണിട്ട് റോഡ് സൗകര്യമൊരുക്കുന്നത്. പഞ്ചായത്തിനു പണം മുടക്കില്ലാതെ പഞ്ചായത്തിന്റെ വസ്തുവിൽ സംരക്ഷണ പ്രവർത്തനം നടത്തുന്നതിന് അനുമതി നൽകുകയാണ് ചെയ്തതെന്നും പ്രസിഡന്റ് പറഞ്ഞു.

error: Content is protected !!