അധികാരികൾ കൈമലർത്തി, നാട്ടുകാർ ഒത്തുചേർന്ന് പ്രളയത്തിൽ തകർന്ന കൊക്കയാർ പാലം പുനർനിർമ്മിച്ചു.. ബസ്സ് സർവീസും തുടങ്ങി
കൊക്കയാർ: മഹാപ്രളയം പാലം തകർത്തതോടെ നൂറുദിവസത്തോളം ഒറ്റപ്പെട്ടുപോയ പ്രദേശവാസികൾക്ക് ഇൻ ആശ്വസിക്കാം .
പ്രളയം തകർത്ത കൊക്കയാർ പാലത്തിനു പകരം നാട്ടുകാർ കൈകോർത്തു നിർമിച്ച ജനകീയ പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. താൽകാലികമായി നിർമ്മിച്ച പാലത്തിലൂടെ ബസ് സർവീസും പുനരാരംഭിച്ചു.
കൊക്കയാർ പഞ്ചായത്തോഫീസിനു സമീപം കൊക്കയാർ വെംബ്ലി റോഡിൽ തകർന്നു പോയ പാലത്തിനു പകരമാണ് നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു പണം സമാഹരിച്ചു പാലം നിർമ്മിച്ചത്.’ 5 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
ഒക്ടോബറിലുണ്ടായ പ്രളയത്തിലാണ് കൊക്കയാർ പാലം ഒലിച്ചുപോയത്. ഇതോടെ കുറ്റിപ്ലങ്ങാട്, വെംബ്ലി, മേലോരം അടക്കമുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ യാത്രാമാർഗം ഇല്ലാതെയായിരുന്നു. വാഹന ഗതാഗതം പൂർണമായും നിലച്ചതോടെ കിലോമീറ്ററുകളോളം അധികം സഞ്ചരിച്ചും കാൽനടയായും ആളുകൾക്ക് മുണ്ടക്കയം അടക്കമുള്ള പ്രദേശങ്ങളിലേക്ക് എത്തേണ്ട ഗതികേടിലായിരുന്നു.
ആയിരങ്ങൾ പാലമില്ലാതെ ബുദ്ധിമുട്ടിയിട്ടും, സർക്കാർ നടപടി ഉണ്ടാകാതിരുന്നതോടെയാണ് നാട് ഒന്നിച്ചത്. താത്കാലികമായി ബെയ്ലി പാലം നിർമ്മിക്കാൻ പോലും നടപടി ഉണ്ടായില്ല. ഇതോടെയാണ് ജനകീയസമിതിയുടെ നേതൃത്വത്തിൽ താത്കാലിക പാലം നിർമിക്കാമെന്ന ആശയം ഉണ്ടായത്. ആദ്യം ചെറു വാഹനങ്ങൾക്കു കടന്നുപോകാവുന്ന രീതിയിലുള്ള പാലം നിർമാണമാണ് ആരംഭിച്ചത്. പിന്നീട് ബസ് അടക്കം പൊതുഗതാഗതം സാധ്യമാകുന്ന രീതിയിലുള്ള പാലം സാധ്യമാക്കുകയായിരുന്നു. അഞ്ചു ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്.
റിപ്പബ്ലിക് ദിനത്തിൽ പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനന്റെ അധ്യക്ഷതയിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ.ടി. ബിനു ജനകീയ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.