ഈരാറ്റുപേട്ടയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ തിരുവനന്തപുരം സ്വദേശി പതിനെട്ട് വയസ്സുകാരൻ പ്രതി അറസ്റ്റിൽ
ഈരാറ്റുപേട്ട മേലമ്പാറ സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ ഈരാറ്റുപേട്ട പോലീസ് തിരുവനന്തപുരത്തു നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിൽ പെരുകുളം വില്ലേജിൽ പൂവ്വച്ചൽ സ്വദേശി ജെഫിൻ നിവാസിൽ ജോയിയുടെ മകൻ 18 വയസുള്ള ജെഫിൻ ജോയി ആണ് അറസ്റ്റിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലാ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജു ജോസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ SHO പ്രസാദ് എബ്രഹാം വർഗ്ഗീസിന്‍റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ തോമസ് സേവ്യർ, സിവിൽ പോലീസ് ഓഫീസർമാരായ ശരത്കൃഷ്ണദേവ്, നിത്യ മോഹൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ ആറിന് പെൺകുട്ടിയെ കാണാതായതെന്നായിരുന്നു പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതി. പെൺകുട്ടി കിടന്നിരുന്ന കട്ടിലിൽ തലയിണകൾ കൂട്ടിച്ചേർത്ത് പുതപ്പിട്ടു മൂടി വച്ചതിനാൽ കാര്യമറിയാൻ വീട്ടുകാർ വൈകിയിരുന്നു. തുടർന്നു ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
ജോഫിൻ ജോയിയും വിദ്യാർത്ഥിനിയും രാവിലെ ബസ്സിൽ കയറി ടിക്കെറ്റെടുത്ത കാര്യം ബസ്സ് ജീവനക്കാർ പോലീസിനെ അറിയിച്ചിരുന്നു. 200 രൂപയാണ് ടിക്കറ്റിനായി കണ്ടക്റ്റർക്ക് നൽകിയത്.തുടർന്ന് ഈ സമയം വച്ച് സി സി ടി വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും പോലീസ് കമിതാക്കളെ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള ബന്ധമാണ് യുവാവിന്റെ കൂടെ പോകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്.