വന്യമൃഗങ്ങൾ യഥേഷ്ടം നാട്ടിലിറങ്ങി വിലസുന്നു….കൊമ്പുകുത്തി നിവാസികൾ ഭീതിയുടെ മുൾമുനയിൽ
മുണ്ടക്കയം : ആനയും കാട്ടുപോത്തും പുലിയും കൊമ്പുകുത്തി നിവാസികളെ ഭീതിയുടെ മുൾമുനയിലാക്കിയിട്ട് മാസങ്ങളായി. ജനങ്ങൾ ഉറക്കമില്ലാതെ കഴിഞ്ഞിട്ടും ഒരു നടപടിയുമെടുക്കാതെ അധികൃതർ.
വ്യാഴാഴ്ച വെളുപ്പിന് നാലോടെയാണ് കൊമ്പുകുത്തി കണ്ണാട്ട് കവല കാഞ്ഞിരത്തുംമുകളേൽ ശ്രീനിവാസന്റെ വളർത്തുനായയുടെ പാതിശരീരം പുലി കടിച്ചെടുത്തത്. നായയെ മുറ്റത്ത് പൂട്ടിയശേഷം ശ്രീനിവാസനും ഭാര്യയും ടാപ്പിങ്ങിന് പോയപ്പോഴായിരുന്നു പുലിയുടെ ആക്രമണം. ശബ്ദംകേട്ട് സമീപവാസികളെത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വനപാലകനെയും വാച്ചർമാരെയും സ്ഥലത്ത് നിയോഗിച്ചു.
ഒരുവർഷത്തിനിടെ മുപ്പതോളം വളർത്തുനായ്ക്കളെ പുലിപിടിച്ചതായി പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് കൂടുസ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് തയ്യാറാകുന്നില്ലന്ന് നാട്ടുകാർ പറയുന്നു. 24-ന് രാത്രി മടുക്കവനത്തിൽനിന്ന് പുലി റോഡിലിറങ്ങിയത് കോരൂത്തോട് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.കെ.സുധീർ, സി.പി.എം.ലോക്കൽ കമ്മിറ്റിയംഗം സെയിൻ എന്നിവർ നേരിൽകണ്ടു. ഇതിന് സമീപത്തെ ടി.ആർ.ആൻ്റ് ടി. എസ്റ്റേറ്റിലെ ചെന്നാപ്പാറയിലും കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യം കണ്ടിരുന്നു. ടാപ്പിങ് തൊഴിലാളികളാണ് പുലിയെ കണ്ടത്. അവർ ഓടിരക്ഷപ്പെട്ടു. അന്ന് പ്രദേശവാസിയുടെ കറവപ്പശു പുലിയുടെ ആക്രമണത്തിൽ ചത്തു. ചൊവ്വാഴ്ച കാട്ടാനക്കൂട്ടമിറങ്ങി പുത്തൻവീട്ടിൽ വത്സലാ ചെല്ലപ്പന്റെ കൃഷിയിടം പൂർണമായി തകർത്തു.