കോവിഡ് പരിശോധനയുടെ മറവിലും തട്ടിപ്പ്
കോവിഡ് പരിശോധനയുടെ മറവിൽ സ്വകാര്യ ലാബുകളിൽ തട്ടിപ്പു നടത്തുന്നതായി പരാതി. ആർ.ടി.പി.സി.ആർ. പരിശോധന ചെയ്യാനായി ലാബുകളിലെത്തുന്നവരെ ആന്റിജൻ പരിശോധന നടത്തി കൂടുതൽ തുക ഈടാക്കുന്നതായാണ് ആരോപണം. ആർ.ടി.പി.സി.ആർ. പരിശോധന നടത്തുമ്പോൾ കിട്ടുന്ന ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റിൽ എസ്.ആർ.എഫ്. (സ്‌പെസിമെൻ റെഫറൽ ഫോറം) ഐ.ഡി.രേഖപ്പെടുത്തണമെന്നാണ് ഐ.സി.എം.ആർ. നിർദേശം. എന്നാൽ പല സ്വകാര്യ ലാബുകളിൽനിന്നും കിട്ടുന്ന പരിശോധനാഫലത്തിൽ എസ്.ആർ.എഫ്. ഐ.ഡി രേഖപ്പെടുത്തിയിട്ടില്ല. വിദേശത്തേക്കോ, ജോലി സ്ഥലങ്ങളിലേക്കോ, മറ്റ് ആശുപത്രികളിൽ ചികിത്സ തേടി പോകുമ്പോളാണ് പലരും എസ്.ആർ.എഫ്.ഐ.ഡി.യുടെ കാര്യം അറിയുന്നത് പോലും.
കോവിഡ് പരിശോധന നടത്തിയശേഷം ലാബിന്റെ പേരിൽ ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകുകയാണ് ചെയ്യുന്നത്. 500 രൂപ മുടക്കി ആർ.ടി.പി.സി.ആർ. ടെസ്റ്റ് ചെയ്യുന്നവർ പലർക്കും ആന്റിജൻ പരിശോധന നടത്തി സർട്ടഫിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്.
എയർപോർട്ടിലേക്കോ, മറ്റ് സ്ഥലങ്ങളിലേക്കോ പോകുമ്പോൾ എസ്.ആർ.എഫ്. ഐ.ഡി.ഇല്ലാത്തതിനാൽ വീണ്ടും ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ട സ്ഥിതിയാണ് പലർക്കും. എസ്.ആർ.എഫ്. ഐ.ഡി. ഉണ്ടെങ്കിൽ മാത്രമേ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്താൻ കഴിയൂ. ഇതിന് മാത്രമേ അംഗീകാരം ലഭിക്കൂ.
ഇതേ നമ്പർ മുഖേന ഓൺലൈനിൽ പരിശോധിച്ചാൽ കൃത്യമായ വിവരം ലഭിക്കും. പലപ്പോഴും കോവിഡ് പരിശോധനയെന്നാൽ ഫലം നെഗറ്റീവോ അല്ലെങ്കിൽ പോസിറ്റീവ് ആണോ എന്നുമാത്രമേ പരിശോധനയ്‌ക്കെത്തുന്നവർ ശ്രദ്ധിക്കാറുള്ളൂ. സർട്ടിഫിക്കറ്റുകൾക്ക് ഔദ്യോഗിക സ്ഥിരീകരണം കിട്ടാൻ എസ്.ആർ.എഫ്.ഐ.ഡി.കൾ നിർബന്ധമാണ്.