ഒട്ടുപാൽ മോഷണം: എല്ലാ പ്രതികളും പിടിയിലായി
മുണ്ടക്കയം : ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടുപേർകൂടി അറസ്റ്റിലായി.
ചിറ്റടി ഐലുമാലിയിൽ ലിജു ചാക്കോ(38), മുണ്ടക്കയം മുപ്പത്തിയൊന്നാംമൈൽ കണ്ണംകുളം ജിബിൻ കെ.ബേബി (32) എന്നിവരെയാണ് മുണ്ടക്കയം പോലീസ് ഏലപ്പാറയിൽനിന്ന് പിടികൂടിയത്. ഇതോടെ മൂന്നുപേരാണ് അറസ്റ്റിലായത്. ഓട്ടോഡ്രൈവർ ഇഞ്ചിയാനി അടയ്ക്കാതോട്ടത്തിൽ രാജനെ(63) നേരത്തേ അറസ്റ്റുചെയ്തിരുന്നു.
18-ന് മുണ്ടക്കയം ഇഞ്ചിയാനിയിലെ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് 150 കിലോ ഒട്ടുപാലാണിവർ മോഷ്ടിച്ചത്. ഇഞ്ചിയാനി തേക്കനാട് ആൽബിന്റെ പരാതിയിലായിരുന്നു അന്വേഷണം. മുണ്ടക്കയം സി.ഐ. എ.ഷൈൻകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. മനോജ് കെ.ജി., സി.പി.ഒ.മാരായ ജോഷി, റോബിൻ എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്.