വരകിൽ കോളനിക്കാരുടെ ചിരകാലസ്വപ്നം സഫലമായി , കോളനിയിലേക്ക് റോഡ് എത്തി ..
പൊൻകുന്നം : കാത്തിരിപ്പിനൊടുവിൽ ചിറക്കടവ്പഞ്ചായത്ത് 20-ാം വാർഡിലെ വരകിൽ കോളനിയിലേക്കുള്ള റോഡ് യാഥാർത്ഥ്യമായി. കോളനിയിൽ നിന്ന് നോക്കിയാൽ പാലാ- പൊൻകുന്നം റോഡിൽ കൂടി വാഹനങൾ പോകുന്നത് കാണാമെങ്കിലും ഇവർക്ക് സഞ്ചാര മാർഗ്ഗം ഇടവഴി തന്നെയായിരുന്നു.
30 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആശുപത്രിയിൽ പോകേണ്ടവരെ കസേരയിലിരുത്തി ചുമന് വഴിയിലെത്തിക്കുകയും അതേപോലെ മൃതദേഹങ്ങൾ അന്ത്യകർമ്മങ്ങൾക്കായി ചുമന്ന് വീട്ടിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.ഒരു കിലോമീറ്ററോളം ദൂരം വരുന്ന റോഡ് കോളനി നിവാസികളും മറ്റും നൽകിയ സ്ഥലത്തു കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്.ഇതിനായി പല വീടുകളുടെയും ഭാഗങ്ങൾ പൊളിക്കേണ്ടി വന്നു.
ഇവിടെയുള്ളവർ റോഡ് നിർമ്മാണത്തിന്റെ തിരക്കിലാണ്. റോഡ് പൂർണ്ണമായി ഉപയോഗപ്രദമാകണമെങ്കിൽ പുതിയതായി നിർമ്മിച്ച റോഡിലുള്ള വൈദ്യുത പോസ്റ്റുകൾ മാറ്റുകയും വെള്ളമൊഴുക്കുള്ള ഭാഗങ്ങളെങ്കിലും കോൺക്രീറ്റ് ചെയ്യുകയും വേണം. വാർഡ് മെമ്പർ കൂടിയായ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.സുമേഷ് ആൻഡ്രൂസ് കോളനിയിലേക്കുള്ള റോഡ് നിർമ്മാണത്തിൻ്റെ തടസ്സങൾ മാറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഇവർക്കൊപ്പമുണ്ട്.
അടിയന്തിരമായിവൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് വൈകാതെ റോഡ് കോൺക്രീറ്റ് ചെയ്യുവാൻ കഴിയുമെന്ന് സുമേഷ് ആൻഡ്രൂസ് പറഞ്ഞു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സി.ആർ.ശ്രീകുമാർ ,വൈസ് പ്രസിഡൻറ് സതി സുരേന്ദ്രൻ എന്നിവർ റോഡ് സന്ദർശിച്ചു.ബാബു കുളത്തുങ്കൽ ,ഉല്ലാസ് വട്ടക്കുന്നേൽ, ജോസഫ് ദാനിയേൽ വരകിൽ എന്നിവർ റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നു.