കാഞ്ഞിരപ്പള്ളിയിലെ അങ്കണവാടികൾ ഹൈടെക്ക് ആക്കാൻ ഗ്രാമ പഞ്ചായത്ത് തീരുമാനം
കാഞ്ഞിരപ്പള്ളി: എല്ലാ വാർഡിലെയും അങ്കണവാടികൾ ഹൈടെക്ക് ആക്കാൻ ഗ്രാമപ്പഞ്ചായത്ത് വാർഷികപദ്ധതി രൂപവത്‌കരണ വികസനസെമിനാർ തീരുമാനിച്ചു.
ഭവനപുനരുദ്ധാരണത്തിന് 46 ലക്ഷം, ഗ്രാമീണ റോഡ് വികസനം-1.53 കോടി, പട്ടികജാതി, പട്ടികവർഗ വികസനപദ്ധതി-57 ലക്ഷം, മൃഗസംരക്ഷണം-61 ലക്ഷം, മാലിന്യനിർമാർജനം, ചിറ്റാർ പുഴ ശുചീകരണം-21 ലക്ഷം, കുട്ടികൾ, ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതി-10 ലക്ഷം, വനിതാ വികസനം-20 ലക്ഷം, വയോജനക്ഷേമം, പാലിയേറ്റീവ് പദ്ധതി-10 ലക്ഷം എന്നിവയാണ് പ്രധാന പദ്ധതികൾ.
എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചുള്ള പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണം, പ്രാദേശിക ടൂറിസം പദ്ധതികൾ, ജല ജീവൻ മിഷൻ കുടിവെള്ളപദ്ധതി, ടൗൺഹാൾ പരിസരത്ത് ആധുനിക പാർക്ക് നിർമാണം എന്നിവയും വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. കഴിഞ്ഞവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന സഹൃദയ വായനശാലാ ഷോപ്പിങ് കോംപ്ലക്സ് നിർമാണം-2.57 കോടി, ബസ്‌സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം-45 ലക്ഷം എന്നിവ ഫെബ്രുവരിൽ ആരംഭിക്കാൻ നടപടി സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ഷാജൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.എൻ.രാജേഷ് പദ്ധതിരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കകുഴി, വിമല ജോസഫ്, വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ ബി.ആർ.അൻഷാദ്, ശ്യാമള ഗംഗാധരൻ, ആസൂത്രണസമിതി വൈസ് ചെയർമാൻ വി.പി.ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.