സഹൃദയ വായനശാല : 2.57 കോടി മുതൽമുടക്കിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങും
കാഞ്ഞിരപ്പള്ളി: കാലപ്പഴക്കത്തിൽ ഇടിഞ്ഞു വീഴാറായതോടെ, ഒരു വർഷം മുൻപ് പൊളിച്ച സഹൃദയ വായനശാലയ്ക്ക് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങും. ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. പരിശോധന റിപ്പോർട്ട് സൂപ്രണ്ടിങ് എൻജിനീയർക്ക് നൽകും. അംഗീകാരം ലഭിച്ചാൽ കെട്ടിടനിർമാണം ഉടൻ ആരംഭിക്കാനാകും.
പഞ്ചായത്ത് 2.57 കോടി രൂപ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. സാങ്കേതിക അനുമതി ലഭിച്ചാൽ ഫെബ്രുവരിയിൽ ടെൻഡർ നൽകിയ ശേഷം നിർമാണം ആരംഭിക്കാനാകുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പനും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എൻ.രാജേഷും അറിയിച്ചു.
ഇടിഞ്ഞുവീഴാറായ വായനശാലാ കെട്ടിടം പുതുക്കി നിർമിക്കുന്നതിനായി 2019 അവസാനത്തോടെയാണ് പൊളിച്ചത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് നിർമാണോദ്ഘാടനവും നടത്തി. എന്നാൽ, നിർമാണം ആരംഭിച്ചില്ല. കേരള റൂറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ സഹായത്തോടെ നാല് കോടി രൂപയോളം ചെലവാക്കി മൂന്ന് നിലകളിലായി കെട്ടിടം നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പദ്ധതി പ്രഖ്യാപിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും നിർമാണം തുടങ്ങാനായില്ല. നടപടിക്രമങ്ങളിലുണ്ടായ കാലതാമസമാണ് കെട്ടിടനിർമാണം വൈകാൻ കാരണമായതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഷോപ്പിങ് കോംപ്ലക്‌സ്, രണ്ടാമത്തെ നിലയിൽ വായനശാല, മൂന്നാമത്തെ നിലയിൽ കോൺഫറൻസ് ഹാൾ എന്നിങ്ങനെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ കുരിശുങ്കലിലെ പഞ്ചായത്ത് വക കെട്ടിടത്തിലാണ് വായനശാല പ്രവർത്തിക്കുന്നത്.