കുരുന്നുകൾക്ക് ആവേശമായി എ കെ ജെ എം സ്കൂളിൽ കിൻഡർഗാർട്ടൻ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി : ആദ്യമായി സ്കൂളിൽ പോകുന്നതിന്റെ ആശങ്കകളോ പരിഭവമോ ഇല്ലാതെ ആവേശത്തോടെയും കൗതുകത്തോടെയും അവർ സ്കൂളിന്റെ പടി ചവിട്ടി. ക്ലാസ്സിന്റെ അവസാന ടെം എത്തിയപ്പോഴെങ്കിലും, തങ്ങൾ പഠിക്കുന്ന സ്‌കൂൾ നേരിൽ കാണുവാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവർ.. ഓൺലൈനിൽ കൂടി മാത്രം കണ്ടുപരിചയമുള്ള അധ്യാപകരെ നേരിട്ട് കണ്ടതിന്റെ ആവേശത്തിലായിരുന്നു പല കുട്ടികളും . കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂളിൽ കിൻഡർഗാർട്ടൻ വിഭാഗത്തിന്റെ പ്രവേശനോത്സവം കണ്ണും മനസും നിറക്കുന്നതായിരുന്നു.
സ്കൂൾ മാനേജർ ഫാദർ സ്റ്റീഫൻ സി തടം എസ് ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ നവ വൈദികനായ ഫാദർ ലിജോ പാത്തിക്കൽ എസ് ജെ മുഖ്യസന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റിൻ പീടികമല എസ് ജെ കുട്ടികളെ സ്വാഗതം ചെയ്തു. തുടർന്ന് സ്കൂൾ മാനേജരും പ്രിൻസിപ്പളും നൽകിയ പൂക്കൾ സ്വീകരിച്ച കുട്ടികളെ അധ്യാപകർ അവരവരുടെ ക്ലാസുകളിലേക്ക് കൊണ്ടുപോയി.
ആദ്യമായി തങ്ങളുടെ സ്കൂളും ഓൺലൈനിലൂടെ മാത്രം കണ്ടിട്ടുള്ള അധ്യാപകരെയും നേരിൽ കാണാൻ സാധിച്ചതിലുള്ള സന്തോഷത്തിലായിരുന്നു കുട്ടികൾ. കുട്ടികളുമായി എത്തിയ മാതാപിതാക്കൾ ഈ അസുലഭ നിമിഷങ്ങൾക്ക് സാക്ഷിയായി.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ ലിന്റോ ആന്റോ എസ് ജെ, ഫാദർ വിൽസൺ എസ് ജെ കെ ജി കോഡിനേറ്റർ രേണു സെബാസ്റ്റ്യൻ എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി