പാട്ടുകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ കാഞ്ഞിരപ്പള്ളിയുടെ അഭിമാനം അഞ്ജു ജോസഫ് സിനിമയിലും തിളങ്ങുന്നു..

കാഞ്ഞിരപ്പള്ളി : ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ പ്രേഗ്രാമിലൂടെ മലയികളുടെ മനസ്സിലേക്ക് കുടിയേറിയ കാഞ്ഞിരപ്പള്ളി ആനക്കല്ല് വാലുമണ്ണേൽ അഞ്ജു ജോസഫ് സിനിമയിലും മിന്നി തിളങ്ങുന്നു. രണ്ടായിരത്തി ഒമ്പതില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറിലായിരുന്നു അഞ്ജു ജോസഫ് അതിമനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിയത്.

ഇപ്പോള്‍ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ അര്‍ച്ചന തേര്‍ട്ടിവണ്‍ നോട്ട്ഔട്ട് എന്ന സിനിമയിലൂടെ അഞ്ജു സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പ്രവേശിച്ചു.

അഞ്ജു ജോസഫിന്റെ ശബ്ദവും സൗന്ദര്യവും അക്കാലത്ത് തന്നെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടി. വലിയ ആരാധക്കൂട്ടവും ഗായികയ്ക്കു ഉണ്ടായി. ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ നാലാം സ്ഥാനമായിരുന്നു അഞ്ജു ജോസഫിന് കിട്ടിയത്. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ബിരുദവും മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി അഞ്ജു ജോസഫ്. ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദവും ബിരുദാനന്തര ബിരുദവും. എന്നാല്‍ പഠിക്കുമ്പോഴും പഠനത്തിന് ശേഷവും സംഗീതം തന്നെയായിരുന്നു മനസ്സ് മുഴുവന്‍. ഐഡിയ സ്റ്റാര്‍ സിംഗറിന് ശേഷം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും അഞ്ജു ജോസഫ് പാട്ടുകള്‍ പാടി. രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ ഡോക്ടര്‍ ലൗ എന്ന സിനിമയിലാണ് ആദ്യമായി സിനിമപാട്ടുകാരി ആകുന്നത്. വിനു തോമസ് സംഗീതം നല്‍കിയ ‘നന്നാവൂല്ല നന്നാവൂല്ല ചീറ്റിവരും ശൂര്‍പ്പണഖേ നന്നാവൂല്ല’ എന്ന ഗാനമാണ് അഞ്ജു ജോസഫ് പാടിയത്. ബെന്നി ദയാലിനൊപ്പമാണ് അഞ്ജു ജോസഫ് ആ ഗാനം ആലപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഭാവനയുമാണ് ഗാനരംഗത്ത് എത്തിയത്. പാട്ടില്‍ ഭാവനയുടെ ശബ്ദമായാണ് അഞ്ജു ജോസഫ് തന്റെ വരവ് അറിയിച്ചത്.

ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം എന്ന സിനിമയില്‍ അറിയാതെ എന്റെ ജീവനില്‍, അവരുടെ രാവുകള്‍ സിനിമയില്‍ ഏതേതോ സ്വപ്‌നമോ, അലമാര സിനിമയില്‍ പൂവാകും നീയെന്‍ തുടങ്ങിയ ഗാനങ്ങളും അഞ്ജു ജോസഫ് ആലപിച്ചു. ലൂക്ക എന്ന സിനിമയില്‍ ഏറെ ഹിറ്റായ ഒരേ കണ്ണാല്‍ എന്ന പാട്ടിലും ഗായികയും സാന്നിധ്യമുണ്ട്. വാരിക്കുഴിയിലെ കൊലപാതകം, വാര്‍ത്തകള്‍ ഇതുവരെ തുടങ്ങിയ സിനിമകളിലും അഞ്ജു ജോസഫ് പാടിയിട്ടുണ്ട്. വ്‌ളോഗര്‍ കൂടിയായ ഗായികയെ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതം കവര്‍ സോംഗുകളിലൂടെയാണ്. അഞ്ജു ജോസഫ് പാടിയ മിക്ക കവര്‍ സോംഗുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഒരു രാജമല്ലി വിടരുന്നപോലെ, രാവിന്‍ നിലാക്കായല്‍, കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍ തുടങ്ങിയ ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകള്‍ ഇപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

അഞ്ജു ജോസഫ് അഭിനയിച്ച റിലീസായ ആദ്യ സിനിമയാണ് അര്‍ച്ചന തേര്‍ട്ടിവണ്‍ നോട്ട്ഔട്ട്. എന്നാല്‍ അഞ്ജു ജോസഫ് ആദ്യമായി അഭിനയിച്ചത് സുനില്‍ ഇബ്രാഹീം സംവിധാനം ചെയ്ത റോയി എന്ന സിനിമയിലാണ്. സുരാജ് വെഞ്ഞാറുമൂട് നായകനാകുന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ‘അഭിനയിക്കണം എന്ന ആഗ്രഹം ഒരിക്കലും ഉണ്ടായിരുന്നില്ല. പേടിയായിരുന്നു കാരണം. ഒരുപാട് അവസരങ്ങള്‍ അങ്ങനെ വേണ്ട എന്ന് വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനയം എന്ന പ്രോസസ് എന്‍ജോയി ചെയ്യാന്‍ പറ്റുന്നുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു. ആദ്യ സിനിമയില്‍ അഭിനയിച്ചപ്പോള്‍ നല്ല ടെന്‍ഷന്‍ തന്നെയായിരുന്നു. ഇനിയും അവസരങ്ങള്‍ വന്നാല്‍ ഒന്ന് അഭിനയിച്ചു നോക്കാന്‍ തന്നെയാണ് തീരുമാനം.’

അര്‍ച്ചന തേര്‍ട്ടി വണ്‍ നോട്ട്ഔട്ടില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച അര്‍ച്ചന എന്ന കഥാപാത്രം ജോലി ചെയ്യുന്ന സ്‌കൂളിലെ അദ്ധ്യാപികയായിട്ടാണ് അഞ്ജു ജോസഫ് അഭിനയിച്ചിരിക്കുന്നത്. അര്‍ച്ചനയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ആ കഥാപാത്രം. സിനിമയില്‍ നിരവധി രംഗങ്ങളില്‍ ആ കഥാപാത്രം എത്തുന്നുണ്ട്. ഒരു തുടക്കകാരിയുടെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ അഞ്ജു ജോസഫ് തന്റെ കഥാപാത്രത്തെ ഗംഭീരമാക്കുകയും ചെയ്തു.

error: Content is protected !!