നാല് മാസത്തെ യാത്ര ദുരിതത്തിന് അറുതിയായി .. ഇരുപത്തിയാറാം മൈൽ പാലം ഗതാഗത്തിനായി പൂർണമായി തുറന്നുകൊടുത്തു

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച് തകരാറിലായ കാഞ്ഞിരപ്പള്ളി – എരുമേലി സംസ്ഥാന പാതയിലെ ഇരുപത്തിയാറാം മൈൽ ജംങ്ഷനിലെ പാലം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് പൂർണമായ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവൺമെന്റ് ചീഫ് വിപ്പുമായ ഡോ.എൻ. ജയരാജ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.

പ്രളയത്തിൽ പാലം തകരാറിലാട്ട് 120 ദിവസങ്ങൾ കഴിഞ്ഞിരുന്നു. ആദ്യം പൂർണമായും അടച്ചിട്ട പാലം, പിന്നീട് ചെറു വാഹനങ്ങൾക്ക് വേണ്ടി ഭാഗികമായി തുറന്നു കൊടുത്തിരുന്നു. ബസുകൾക്കും ലോറികൾക്കും അതുവഴിയുള്ള ഗതാഗതം നിരോധിച്ചതിനാൽ
ബസ് യാത്രക്കാരും ചരക്ക് വണ്ടികളും വളരെയേറെ ദുരിതം അനുഭവിച്ചിരുന്നു. ശബരിമല തീർത്ഥാടനം കാലത്തും വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ആ ദുരിതത്തിന് അറുതിവരുത്തിക്കൊണ്ടാണ് പാലം തുറന്നു കൊടുത്തത്.

ഡിസംബർ ആറിനാണ് പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ പൂതക്കുഴി ചെക്ഡാമിലെ വെള്ളം, പിന്നിലേക്ക് തള്ളി, പാലത്തിന്റെ തൂണുകൾ മൂടി കിടന്നിരുന്നതിനാൽ, കരാറുകാരൻ പണികൾ തീർക്കുവാൻ വളരെയധികം ബുദ്ധിമുട്ടി . തുടർച്ചയായി ശക്തിയുള്ള പമ്പ് ഉപയോഗിച്ച വെള്ളം അടിച്ചുകളഞ്ഞുകൊണ്ടായിരുന്നു പണികൾ ചെയ്തിരുന്നത്.

ചടങ്ങിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.ആർ അനുപമ, ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗമായ ടി.ജെ. മോഹനൻ, പാറത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് മെമ്പർ സിയാദ് കട്ടുപ്പാറ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. പി. എ. ഷമീർ തുടങ്ങിയവർ പങ്കെടുത്തു .

പാലം പുനരുദ്ധരിക്കുന്നതിനു വേണ്ടി അടിയന്തരമായി 19.60 ലക്ഷം രൂപ അനുവദിച്ച് യുദ്ധകാലടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണം നടത്തുകയായിരുന്നു. പുതിയ പാലം നിർമ്മിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ടും രണ്ടേമുക്കാൽ കോടി രൂപ അടങ്കൽ തുകയുള്ള എസ്റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ടെന്നും, സമീപഭാവിയിൽ തന്നെ പുതിയ പാലം നിർമ്മിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും, ഡോ.എൻ. ജയരാജ് എംഎൽഎയും അറിയിച്ചു.

error: Content is protected !!