തിരിച്ചുവരവിന്റെ പാതയിൽ കൂട്ടിക്കൽ
കൂട്ടിക്കൽ: കഴിഞ്ഞ ഒക്ടോബർ 16നുണ്ടായ മഹാപ്രളയത്തിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. കൂട്ടിക്കൽ, കൂവപ്പള്ളി എന്നിവിടങ്ങളിലായി 13 പേരാണ് ദുരന്തത്തിൽ മരിച്ചത്. വീടുകളും കൃഷിഭൂമിയും വളർത്തു മൃഗങ്ങളും വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ സർവ ജീവനോപാധികളും നഷ്ടപ്പെട്ടവർ ഈ മേഖലയിൽ നിരവധിയാണ്.
ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണം സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു. വളർത്തുമൃഗങ്ങളെ നഷ്ടമായവർക്കുള്ള ധനസഹായ വിതരണവും പൂർത്തിയാക്കി. കൃഷിഭൂമി നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ കൃത്യമായി തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
ദുരന്തത്തിൽ തകർന്ന പാലങ്ങളുടെയും റോഡുകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങളും നിർമാണങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പ്രളയത്തിൽ നഷ്ടപ്പെട്ട രേഖകൾക്കു പകരം പുതിയവ നൽകുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. റേഷൻ കാർഡുകളടക്കം വിതരണം ചെയ്തു.