ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
മുണ്ടക്കയം: കൊല്ലം-തേനി ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളാണു പ്രദേശത്ത് ഉണ്ടായിട്ടുള്ളത്. ഇതിൽ രണ്ടുപേർ മരിക്കുകയും പതിനാറോളം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
വാഹനങ്ങളുടെ അമിതവേഗവും പാതയിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതുമാണ് അപകടങ്ങൾക്കു കാരണമായി പറയുന്നത്. ചോറ്റി നിർമലാരം ജംഗ്ഷന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് മുക്കുളം സ്വദേശിയായ യുവാവ് മരണമടഞ്ഞിരുന്നു. തെറ്റായ ദിശയിൽ അമിതവേഗത്തിൽ എത്തിയ ലോറിയാണ് അപകടത്തിനു കാരണമായത്. പൈങ്ങനായ്ക്കു സമീപം ബൈക്കിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചതും അടുത്തിടെയാണ്. പുഞ്ചവയൽ സ്വദേശി വർഗീസാണ് മരണമടഞ്ഞത്. പാതയോരത്തുകൂടി നടന്നു പോവുകയായിരുന്ന ഇദ്ദേഹത്തെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ
ഏഴു പേർക്കു പരിക്ക്
ചിറ്റടി ടൗണിന് സമീപമുള്ള വളവിൽ തുടർച്ചയായുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആദ്യത്തെ അപകടത്തിൽ റോഡിലൂടെ നടന്നുപോയ മുപ്പത്തൊന്നാംമൈൽ സ്വദേശിയായ യുവാവിനെ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബസിൽ കയറുന്നതിനിടെ വാഹനം മുന്നോട്ടെടുത്തതിനെത്തുടർന്നു ബസിന്റെ പിൻചക്രം കയറിയിറങ്ങി വീട്ടമ്മയ്ക്കു ഗുരുതരമായി പരിക്കേറ്റതാണ് രണ്ടാമത്തെ അപകടം. ഇവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട വീട്ടമ്മയുമായി പോയ ഓട്ടോറിക്ഷ പാറത്തോടിനു സമീപം മറിഞ്ഞും രണ്ടു പേർക്കു പരിക്കേറ്റിരുന്നു.
കാഞ്ഞിരപ്പള്ളി പൂതക്കുഴിക്കു സമീപവും മുണ്ടക്കയം പൈങ്ങനായ്ക്കു സമീപവും വ്യത്യസ്ത അപകടങ്ങളിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചും മുപ്പത്തൊന്നാംമൈലിൽ ബസിനു പുറകിൽ ജീപ്പിടിച്ചും യാത്രക്കാർക്കു പരിക്കേറ്റിരുന്നു.
മത്സരയോട്ടം
പുനരാരംഭിച്ച് ബസുകൾ
കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റൂട്ടിൽ ഒരുകാലത്ത് പതിവായിരുന്ന ബസുകളുടെ മത്സരയോട്ടവും വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് മിക്ക സ്വകാര്യബസുകളും സർവീസ് താത്കാലികമായി നിർത്തിയതിനാൽ മത്സരഓട്ടം നിലച്ചിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ ഒഴിവായി നിരത്തുകൾ സജീവമായതോടെ ഇപ്പോൾ ബസുകളുടെ മത്സരഓട്ടം പതിവാണ്.
വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചെങ്കിലും ദേശീയപാതയിൽ മതിയായ സൗകര്യങ്ങൾ വർധിപ്പിക്കാത്തതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ എട്ടോളം അപകട വളവുകളാണുള്ളത്. ഇവ നിവർത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും അധികാരികളും തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുവാൻ വാഹനപരിശോധന അടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.