ഇരുചക്ര വാഹനാപകടങ്ങൾ വർധിച്ചു; കർശന പരിശോധനയുമായി അധികൃതർ
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന്റെ എണ്ണം വർധിച്ചതോടെ കർശന പരിശോധന നടത്താൻ പോലീസും മോട്ടോർ വാഹനവകുപ്പും തീരുമാനിച്ചു. അടുത്ത നാളിൽ അപകടത്തിൽപ്പെടുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല.
കോവിഡ് കാലത്തിനുശേഷം പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുകയും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം കുത്തനെ വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അപകടങ്ങളും വർധിച്ചു. ഈ സാഹചര്യങ്ങൾ മുൻ നിർത്തിയാണു കൂടുതൽ പരിശോധനകൾ നടത്താൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ അപകടങ്ങളിൽപ്പെടുന്ന ന്യൂജനറേഷൻ ബൈക്കുകളുടെയും എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. അമിതവേഗവും അശ്രദ്ധയുമാണ് ന്യൂജനറേഷൻ ബൈക്കുകൾ അപകടത്തിൽപ്പെടുന്നതിന്റെ പ്രധാന കാരണമെന്ന് പോലീസും മോട്ടോർ വാഹനവകുപ്പ് അധികൃതരും പറയുന്നു. ഇരുചക്ര വാഹനപരിശോധന നടത്താൻ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് സ്ക്വാഡ് അംഗങ്ങൾ മുഴുവൻ സമയവും ജില്ലയിലെ വിവിധ റോഡുകളിൽ ഉണ്ടാകും. ഇവർക്കു പുറമെ ആധുനിക സജ്ജീകരണങ്ങൾ ഘടിപ്പിച്ച മോട്ടോർ വാഹന വകുപ്പിന്റെ വാഹനവും ഹൈവേ പോലീസും കണ്ട്രോൾ റൂം പോലീസും റോഡിലെ പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കോട്ടയം ഈരയിൽക്കടവ് ബൈപാസ്, പാറേച്ചാൽ ബൈപാസ്, ചങ്ങനാശേരി ബൈപാസ് തുടങ്ങിയ സ്ഥലങ്ങളിൽ ന്യൂ ജനറേഷൻ ബൈക്കുകളിൽ എത്തി അഭ്യാസപ്രകടനങ്ങൾ നടത്തുന്നവരും രാത്രികാലങ്ങളിലും അമിതവേഗതയിൽ സഞ്ചരിക്കുന്നവരും കുറവല്ല. ഇത്തരക്കാരെ പിടികൂടുന്നതിനും രാത്രികാല പരിശോധനകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതർ.
അമിത വേഗക്കാരെ പിടികൂടുന്നതിനു കാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.