കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പ് പ്രയാണത്തിന് തുടക്കമായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പ് പ്രയാണത്തിന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ തുടക്കം കുറിച്ചു. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരുശേഷിപ്പ് ഏറ്റുവാങ്ങി യുവജനങ്ങൾക്കായി സമർപ്പിച്ചു.
ആധുനിക ലോകത്തിൽ ജീവിച്ച് വിശുദ്ധിയിലേക്ക് വളർന്ന കാർലോ അക്വിറ്റിസിന്റെ ജീവിതത്തിൽ നിന്ന് മാതൃക ഉൾക്കൊണ്ട് യുവജനങ്ങൾ പ്രേഷിത തീക്ഷ്ണതയിൽ വളരുന്നവരാകണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. 147 ഇടവകകളിലായി നാല് മാസം നീളുന്ന പ്രയാണത്തിനാണ് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ച് എല്ലാ ഇടവകകളിലും കാർലോ കാർണിവൽ എന്ന യുവജന സംഗമം നടക്കും.
15 വർഷം ജീവിച്ച കാർലോയുടെ ജീവിതത്തിന്‍റെ പ്രതീകമായി എല്ലാ ഇടവകകളിലും 15 ദിവസം നീളുന്ന ആധ്യാത്മിക പരിശീലന പരിപാടികളും ഇതോടൊപ്പം നടക്കും. ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, എസ്എംവൈഎം രൂപത പ്രസിഡന്‍റ് ജോപ്പു ഫിലിപ്പ്, ആനിമേറ്റർ സിസ്റ്റർ റാണി മരിയ, റീജന്‍റ് ബ്രദർ അജോ തുണ്ടത്തിൽ, ജനറൽ സെക്രട്ടറി ഡിലൻ കോഴിമല, രൂപത ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
“ഇന്റർനെറ്റിന്റെ മധ്യസ്ഥൻ’ എന്നറിയപ്പെടുന്ന കാർലോ അക്വിറ്റിസ് ലുക്കീമിയ ബാധിച്ച് പതിനഞ്ചാം വയസ്സിൽ മരണപ്പെട്ടിരുന്നു. 1991 മേയ് 2നാണ് കാർലോ അക്വിറ്റിസ് ജനിച്ചത്. 2006 ഒക്ടോബർ 12നാണ് ലുക്കീമിയയെത്തുടർന്ന് കാർലോ അക്വിറ്റിസ് മരണത്തിനു കീഴടങ്ങിയത്.
സമീപകാലത്ത് ജീവിച്ചിരുന്നവരിൽ നിന്നും കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനാക്കിയ പ്രായം കുറഞ്ഞ വ്യക്തിയാണ് കാര്‍ലോ അക്വിറ്റിസ്. അക്വിറ്റിസിന്റെ മധ്യസ്ഥതയാൽ ബ്രസീലിൽ നിന്നുള്ള ഏഴ് വയസുകാരന്റെ പാൻക്രിയാസിനുണ്ടായ അസുഖവും കൂടാതെ മറ്റൊരു സ്ത്രീയുടെ കാൻസർ രോഗവും സൗഖ്യപ്പെടുത്തിയെന്നാണ് സാക്ഷ്യപെടുത്തിയിരിക്കുന്നത്.
“ഇന്റർനെറ്റിന്റെ മധ്യസ്ഥൻ എന്നാണ് കാർലോ അക്വിറ്റിസ് അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ ദിവ്യാത്ഭുതങ്ങൾ പട്ടികപ്പെടുത്തുകയും അതിനായി ചെറിയ പ്രായത്തിൽ തന്നെ അക്വിറ്റിസ് വെബ്സൈറ്റ് നിർമ്മിക്കുകയും ചെയ്തു. ഇതിനായി സ്കൂൾ പഠനകാലത്ത് യൂണിവേഴ്സിറ്റി പുസ്തകങ്ങൾ ഉപയോഗിച്ച് കോഡിങ് പഠിക്കുകയും വീഡിയോ എഡിറ്റിങ്ങും ആനിമേഷനും പഠിച്ചു. ബൈബിളിന്റെ പ്രചാരണത്തിനായി ഇന്റർനെറ്റ് ഉപയോഗിച്ചു.