പമ്പാവാലിയിൽ പട്ടയ സർവേ നടപടികൾക്ക് തുടക്കമായി
കണമല : പമ്പാവാലിക്കാർക്ക് സാധുവായ പട്ടയം കിട്ടുവാനുള്ള റീ സർവേ നടപടികൾ സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ചു. ബുധനാഴ്ച മുതൽ സ്പെഷ്യൽ ക്യാമ്പ് ഓഫിസ് തുടങ്ങും. റവന്യു വകുപ്പിൽ നിന്നും പത്ത് ജീവനക്കാർ ഓഫിസിൽ നിന്ന് സർവേ ജോലികൾ തുടങ്ങും. ഇവർക്കായി വാഹനവും അനുവദിച്ചിട്ടുണ്ട്.
ബുധനാഴ്ച ക്യാമ്പ് ഓഫിസിൽ അവലോകന യോഗം ചേർന്ന് സർവേ ജോലികളുടെ പ്രവർത്തന രൂപരേഖ തീരുമാനിച്ച് വിലയിരുത്തി ജില്ലാ കളക്ടറെ അറിയിക്കും. കളക്ടറുടെ നിർദേശപ്രകാരം തുടർ ജോലികൾ ആരംഭിക്കും. കുറഞ്ഞത് ആറ് മാസത്തിനകം സർവേ ജോലികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ്, പഞ്ചായത്ത് അംഗങ്ങൾ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്പെഷ്യൽ ക്യാമ്പ് ഓഫിസിൽ എത്തി വിവരങ്ങൾ വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സൗജന്യമായാണ് ക്യാമ്പ് ഓഫിസിനായി സ്വകാര്യ വ്യക്തിയുടെ വക കെട്ടിടം വിട്ടു നൽകിയിരിക്കുന്നത്.
സർവേ ജോലികൾ പൂർത്തിയാകുന്നത് വരെ മിനി ഓഫിസായി ഈ കെട്ടിടം പ്രവർത്തിക്കും. എരുമേലി തെക്ക് വില്ലേജ് ഓഫിസിൽ നിന്നുള്ള സഹായ പ്രവർത്തനങ്ങളും ഓഫിസിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ മാസം ഒമ്പതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് പട്ടയ നടപടികൾക്ക് നിയോഗിക്കുന്നതിനുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിശ്ചയിച്ചത്. വനംവകുപ്പ് അടക്കം വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമി മേഖലയിൽ ഉൾപ്പെട്ടതിനാൽ വകുപ്പുകളുമായി ചർച്ച നടത്തി ധാരണയായ ശേഷം ഇവ അളന്നു നിർണയിച്ച് മാറ്റാനാണ് തീരുമാനം.
പമ്പാവാലി മേഖലയിൽ കോട്ടയം ജില്ലയിലെ ഭൂമി പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ടത് അളന്ന് തിരികെ മാറ്റേണ്ടതുമുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ച് കർമ പദ്ധതി തയ്യാറാക്കിയാണ് പട്ടയ നടപടികളിലേക്ക് ഇപ്പോൾ കടന്നിരിക്കുന്നത്. ഭൂരേഖകൾ പരിശോധിച്ച് ഭൂമി അളന്ന് നിർണയിക്കുന്നത് ഉൾപ്പെടെയുള്ള സമഗ്രമായ നടപടികൾക്ക് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കണമെന്നും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കലണ്ടർ തയ്യാറാക്കാനും നേരത്തെ റവന്യു മന്ത്രി കെ രാജൻ നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
രാജ്യം സ്വാതന്ത്ര്യം നേടിക്കഴിഞ്ഞപ്പോൾ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് ഗ്രോ മോർ ഫുഡ് പദ്ധതി നടപ്പിലാക്കാൻ പമ്പാവാലി മേഖലയിൽ സർക്കാർ കുടിയിരുത്തിയ കർഷക കുടുംബങ്ങൾക്കാണ് ഇതോടെ പട്ടയ നടപടികൾ വീണ്ടും ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പട്ടയ മേള നടത്തി മേഖലയിൽ പട്ടയം വിതരണം ചെയ്തതാണെങ്കിലും പിന്നീട് നിയമ സാധുത നഷ്‌ടമാകുന്നതിൽ എത്തുകയും കരം സ്വീകരിക്കൽ നിർത്തുകയും ചെയ്തിരുന്നു. ഇതോടെ പൊതുപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകുകയും കരം എഴുതി നൽകി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.