രാജ്യത്തെ ഏറ്റവും ചൂടുകൂടിയ നഗരം കോട്ടയം
കോട്ടയം: കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും ചൂടുകൂടിയ നഗരമായി കോട്ടയം. ഞായറാഴ്ച 37.3 ഡിഗ്രി സെൽഷസ് ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്.
ആന്ധ്രാപ്രദേശിലെ നന്ദ്യാലാണ് തൊട്ടുപിന്നിൽ. 37.2 ഡിഗ്രിയാണ് ഇവിടെ ചൂട്. ഇന്നലെ അൽപം കുറഞ്ഞ് 36 ഡിഗ്രിയിലെത്തിയിട്ടുണ്ട്. ഞായാറാഴ്ച 36.5 ഡിഗ്രി ചൂടുണ്ടായിരുന്നു. പുനലൂരിൽ ഇന്നലെ 37 ഡിഗ്രിയായി ചൂട്.അഹമ്മദ്നഗർ (മഹാരാഷ്ട്ര) 37.2, ഭദ്രാചലം (തെലങ്കാന) 36.8, കർണൂർ (ആന്ധ്രാപ്രദേശ്) 36.6, (പുനലൂർ) 36.5, അകോല (മഹാരാഷ്ട്ര) 36.5, മാലേഗാവ് (മഹാരാഷ്ട്ര) 36.4, സോലാപുർ (മഹാരാഷ്ട്ര) 36.4, നദീഗാം (ആന്ധ്രാപ്രദേശ്) 36.4 എന്നിങ്ങനെയാണ് മറ്റു ചൂടൻ നഗരങ്ങൾ.
വേനൽമഴ പെയ്തിട്ട് നിന്നതും പകൽ സമയത്തെ കാറ്റിന്റെ സാന്നിധ്യം കുറയുന്നതുമാണു ചൂട് കൂടുന്നതിനു കാരണമെന്നാണു കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം ജില്ലയിൽ ഫെബ്രുവരി മാസം രേഖപ്പെടുത്തിയിട്ടുള്ള ഉയർന്ന താപനില 37.5 ഡിഗ്രിയാണ്. 1999, 2018 വർഷങ്ങളിൽ ഓരോ ദിവസമാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത്തവണ റിക്കാർഡ് മറികടക്കുമോയെന്ന ആശങ്കയുമുണ്ട്.
സൂരാഘാതം ഉണ്ടാകാനുള്ള സാധ്യതകൾ കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നുണ്ട്. വരും ദിവസങ്ങിൽ കൂടുതൽ ചുട്ടുപൊള്ളുമെന്നുമാണു പ്രവചനം.
വേനൽമഴ വീണ്ടുമെത്തും
ഈയാഴ്ച ജില്ലയിൽ ശക്തമായ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. കോട്ടയം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ഇന്നലെ വരെ മഴ പ്രവചനമുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിലും തിങ്കൾ പുലർച്ചെയുമായി കോട്ടയത്തും ജില്ലയുടെ പല പ്രദേശങ്ങളിലും ചെറിയ മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിലും ചിലയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ വ്യാപകമായി വേനൽ മഴയുണ്ടാകുമെന്നാണു പ്രവചനം.