തോട്ടം മേഖലയിൽ വീണ്ടും പുലിപ്പേടി
മുണ്ടക്കയം ഈസ്റ്റ്: തോട്ടം മേഖലയിൽ വീണ്ടും പുലിപ്പേടി. കഴിഞ്ഞ ഒന്നരമാസമായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും പശുവിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. മുണ്ടക്കയം മതന്പ പാതയോരത്ത് ചെന്നാപ്പാറ താഴെ ഭാഗത്ത് ക്ഷേത്രത്തിനു സമീപമാണു പശുക്കിടാവിനെ പാതി ഭക്ഷിച്ച നിലയിൽ കണ്ടത്. തോട്ടത്തിൽ മേഞ്ഞു നടന്ന പശുക്കിടാവിന്റെ പാതി ഭാഗം പൂർണമായും ഭക്ഷിച്ച നിലയിലാണ്.
കഴിഞ്ഞയാഴ്ച ഇതിനുസമീപം ഇഡികെ ഡിവിഷനിൽ തൊഴുത്തിൽ കെട്ടിയിരുന്ന മറ്റൊരു പശുക്കിടാവിനെ പുലി കൊന്നുതിന്നിരുന്നു. ഇതോടെ വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. പുലിക്കായി സ്ഥാപിച്ച കെണിയിൽ വീണത് തെരുവുനായയായിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസം കടമാൻകുളം കൊടിക്കാട് ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. 10 സെന്റീമീറ്ററിൽ അധികം വ്യാസമുള്ള കാൽപ്പാടുകൾ കണ്ടെത്തിയതോടെ പുലി തന്നെ ആകാമെന്നാണു വനംവകുപ്പും കരുതുന്നത്.
ഒന്നര മാസം മുന്പ് ചെന്നാപ്പാറ ടോപ്പിൽ റബർ ടാപ്പിംഗിനിടെ 25 അടി ദൂരത്തിൽ തൊഴിലാളി പുലിയെ കണ്ടിരുന്നു. ഇത് വ്യാജ പ്രചാരണമാണന്ന് അധികൃതർ പറഞ്ഞെങ്കിലും തൊട്ടടുത്ത് ബി ഡിവിഷനിൽ എസ്റ്റേറ്റ് ജീവനക്കാരന്റെ ക്വാർട്ടേഴ്സിന്റെ തിണ്ണയിൽ കയറി വളർത്തുനായയെ അക്രമിച്ചു. ശേഷം കുപ്പക്കയത്തും കൊന്പുകുത്തി ഭാഗത്തും പുലിയെ കണ്ടതായി പറയുന്നു. പുലിയെ കണ്ടതായി പറയുന്നയിടങ്ങളിലെല്ലാം വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ല. കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ടെങ്കിൽ മാത്രമേ വനംവകുപ്പിന് തുടർ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ.
ചെന്നാപ്പാറ ടോപ്പിൽ പശുവിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയ ഭാഗത്ത് വനംവകുപ്പ് പുലിയെ പിടികൂടാനായി വീണ്ടും കൂട് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇഡികെയിൽ സ്ഥാപിച്ച കൂട് ഇവിടെയ്ക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു. പുലിയുടെ സാന്നിധ്യം പതിവായതോടെ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് തോട്ടം തൊഴിലാളികൾക്കുള്ളത്. ശബരിമല വനാതിർത്തി പങ്കിടുന്ന ടിആർ ആൻഡ് ടി എസ്റ്റേറ്റിനുള്ളിൽ ആന, കാട്ടുപോത്ത്, രാജവെന്പാല, കാട്ടുപന്നി എന്നിവയുടെയെല്ലാം ആക്രമണം പതിവാണ്. തോട്ടത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ടാപ്പിംഗ് നടക്കാത്തതു മൂലം വനത്തിന് തുല്യമാണ്.