പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയുടെ നില പരിതാപകരം
പൊൻകുന്നം: കോവിഡ് നിയന്ത്രണ കാലത്ത് ബസുകൾ കോർപറേഷൻ തിരികെ എടുത്തതിനെ തുടർന്ന് പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയുടെ നില പരിതാപകരമായി. മലയോര മേഖലയുടെ കവാടമായ പൊൻകുന്നം ഡിപ്പോയ്ക്ക് 43 ബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 27 എണ്ണം മാത്രം.
കാസർഗോഡ് ജില്ലയിലെ പരപ്പയിലേക്ക് സർവീസ് നടത്തിയിരുന്ന രണ്ട് സൂപ്പർഫാസ്റ്റ് ബസുകൾ അധികൃതർ തിരിച്ചെടുത്തതോടെ പൊൻകുന്നം സൂപ്പർഫാസ്റ്റ് ബസുകൾ ഇല്ലാത്ത ഡിപ്പോയായി മാറി. ഒമ്പത് വർഷമായി ലാഭത്തിലോടുന്ന ദീർഘദൂര സർവീസായിരുന്നു ഇത്. സ്ഥലം എംഎൽഎ കൂടിയായ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി മാസങ്ങൾ ആയെങ്കിലും സൂപ്പർ ഫാസ്റ്റുകൾ തിരിച്ചെത്തിയിട്ടില്ല.
ലോക്ഡൗണിന് മുന്പ് പൊൻകുന്നം ഡിപ്പോയിൽ 43 ബസുകളും 33 സർവീസുകളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 27 ബസുകളും 25 സർവീസുകളുമായി ചുരുങ്ങി. ഡിപ്പോയിൽ നിന്നു തിരിച്ചെടുത്ത 13 ബസുകളിൽ ഒന്നുപോലും തിരികെ ലഭിച്ചിട്ടില്ല. ബസുകളുടെ കുറവ് സർവീസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. രാവിലെ 6.05 തിരുവനന്തപുരം, 7.00 മണ്ണാറശാല സർവീസുകൾ റദ്ദാക്കി. ലാഭകരമായി ഓടുന്ന പുനലൂർ, പാലാ ചെയിൻ സർവീസുകൾ വെട്ടിക്കുറച്ചു. പുനലൂർക്കുള്ള അഞ്ച് ചെയിൻ സർവീസുകളിൽ ഒരെണ്ണവും പാലാ-പൊൻകുന്നം ആറ് ചെയിൻ സർവീസുകളിൽ മൂന്നെണ്ണവും മാത്രമാണ് ഓടുന്നത്.
ബസുകളുടെ കുറവ് യാത്രാക്ലേശത്തിനും കാരണമാകുന്നുണ്ട്. മലയോര മേഖലകളായ കണയങ്കവയൽ, അഴങ്ങാട് മേലോരം മേഖലകളിലേക്ക് കൊടുംവളവുകളായതിനാൽ നീളം കുറഞ്ഞ കട്ട് ചേസ് ബസുകളാണ് സർവീസ് നടത്തുന്നത്. വൈകുന്നേരങ്ങളിൽ 150 ൽപ്പരം വിദ്യാർഥികളാണ് യാത്രയ്ക്കായി ഈ ബസിനെ ആശ്രയിക്കുന്നത്. യന്ത്രത്തകരാർ മൂലം ഈ ബസ് പലപ്പോഴും ദിവസങ്ങളോളം സർവീസ് മുടക്കാറുണ്ട്. പകരം കട്ട് ചേസ് ബസ് ഇല്ലാത്തതിനാൽ ഈ സർവീസ് റദ്ദാക്കുകയാണ് പതിവ്. ഈ സമയം വിദ്യാർഥികൾ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
പൊൻകുന്നം ഡിപ്പോയിൽ നിന്നു കൊണ്ടുപോയ ബസുകൾ തിരികെ എത്തിക്കുകയും സർവീസുകൾ കൃത്യമായി നടത്തുകയും ചെയ്താൽ ഡിപ്പോയ്ക്ക് വരുമാനം വർധിപ്പിക്കുവാൻ കഴിയും. ഒപ്പം ജില്ലയുടെ കിഴക്കൻ മേഖലയിലെ യാത്രാദുരിതത്തിനു പരിഹാരവും സാധാരണക്കാർക്ക് ഏറെ ആശ്വാസകരവുമാകും. ജനപ്രതിനിധികളും അധികൃതരും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.