‘കൂട്ടിക്കലിനു കൂട്ടായി കാരിത്താസ് ‘ നൂറുദിനങ്ങൾ പിന്നിട്ടു
കൂട്ടിക്കൽ പഞ്ചായത്തിലെ ജനങ്ങൾക്കായുള്ള കാരിത്താസ് സൗജന്യ ആരോഗ്യ ചികിത്സാ പരിപാടി നൂറുദിനങ്ങൾ പിന്നിട്ടു. നൂറാം ദിന പരിപാടികൾ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ‘കൂട്ടിക്കലിന് കൂട്ടായി കാരിത്താസ്’ എന്ന സൗജന്യ കെയർ ക്ലിനിക്കാണ് പ്രവർത്തനത്തിന്റെ 100 ദിനങ്ങൾ പിന്നിട്ടത്.
ചടങ്ങിൽ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്തിന് കൂട്ടിക്കൽ പഞ്ചായത്തിന്റെ സ്നേഹോപഹാരം മന്ത്രി വി.എൻ. വാസവൻ സമർപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സജിമോൻ, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോയിസ് നന്ദികുന്നേൽ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ നവംബർ എട്ടിന് ആരംഭിച്ച സൗജന്യ ചികിത്സ പദ്ധതിയാണിത്. ഇതിനിടയിൽ തന്നെ 2,750 പേർക്ക് സൗജന്യമായി ഒപി കണ്‍സൾട്ടേഷനുകൾ നൽകുകയും മരുന്നുകൾ ലഭ്യമാക്കുകയും ചെയ്തു. നിരവധി ടെലി മെഡിസിൻ കണ്‍സൾട്ടേഷനുകൾക്ക് പുറമെ, 213 ഭവന സന്ദർശന കണ്‍സൾട്ടേഷനുകളും സൗജന്യമായി ലഭ്യമാക്കാൻ കാരിത്താസ് ആശുപത്രിക്ക് കഴിഞ്ഞു. ദിവസവും ശരാശരി 50ലധികം രോഗികൾ, നിരവധി സൗജന്യ വാക്സിനേഷനുകൾ എന്നിവ ഇതുവരെ കാരിത്താസ് കെയർ ക്ലിനിക്കിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കാരിത്താസ് ആശുപത്രി ലഭ്യമാക്കിയിരിക്കുന്ന ആംബുലൻസ് സംവിധാനം നിരവധി പേർക്ക് ആശ്വാസമായി.