കോവിഡ് വാക്സിൻ വിതരണം: സജ്ജമാകാൻ വകുപ്പുകൾക്കു നിർദേശം നൽകി
കോവിഡ് വാക്സിൻ വിതരണത്തിന് സംവിധാനങ്ങൾ ഒരുക്കുന്നതിനും ബോധവത്കരണ നടപടികൾക്കും സജ്ജമാകാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ജില്ലാതല കർമസമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കളക്ടർ.
വാക്സിൻ ലഭ്യമാകുന്പോൾ താമസം കൂടാതെ വിതരണം ചെയ്യുന്നതിനു ഓരോ വകുപ്പുകളും നിർവഹിക്കേണ്ട ചുമതലകൾ യോഗത്തിൽ വിശദമാക്കി. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് പ്രതിരോധ മരുന്ന് നൽകുക. ഇതിനായി ഇതുവരെ 15157 ആരോഗ്യ പ്രവർത്തകരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി വിഭാഗങ്ങളിലെ ജീവനക്കാരും റെയിൽവേയിലെയും മുനിസിപ്പാലിറ്റികളിലെയും ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.
വാക്സിൻ സംഭരിക്കുന്നതിന് 86ഉം വിതരണത്തിന് 539ഉം കേന്ദ്രങ്ങളാണ് നിലവിൽ നിർണയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കും.
രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെയായിരിക്കും വിതരണം. ഒരു കേന്ദ്രത്തിൽ ഒരു ദിവസം പരമാവധി 100 പേർക്കായിരിക്കും കുത്തിവയ്പ്പ് നൽകുക. ഒരു ഡോക്ടർ ഉൾപ്പെടെ അഞ്ചു പേർ അടങ്ങുന്ന സംഘത്തെയാണ് എല്ലാ കേന്ദ്രങ്ങളിലും ഇതിനായി നിയോഗിക്കുക. കോവിഡ് പ്രതിരോധത്തിനായി മുൻനിരയിൽ പ്രവർത്തിച്ചുവരുന്ന മറ്റു വകുപ്പുകളിലെ ജീവനക്കാർക്കാണ് തുടർന്ന് വാക്സിനേഷൻ നടത്തുക. പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ ഇതിൽ ഉൾപ്പെടും. വാഹന ഡ്രൈവർമാർ, ബസ് കണ്ടക്ടർമാർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കും ഇതോടൊപ്പം നൽകും.
ഇതിനുശേഷം രണ്ടു ഘട്ടങ്ങളിലായി 60 വയസിനു മുകളിലുള്ളവർക്കും അന്പതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർക്കും പ്രതിരോധ മരുന്ന് നൽകും. അന്പതു വയസിനു താഴെയുള്ളവരെയാണ് തുടർന്ന് പരിഗണിക്കുക. ഈ പ്രായവിഭാഗത്തിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കാണ് മുൻഗണന. ഘട്ടം ഘട്ടമായി എല്ലാവർക്കും വാക്സിൻ നൽകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ആർസിഎച്ച് ഓഫീസർ ഡോ. സി.ജെ. സിത്താര, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോണ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോണ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ കെ.വി. ആശാമോൾ വിവിധ വകുപ്പുകളുടെ മേധാവികൾ, ബിഡിഒമാർ തുടങ്ങി നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു.