40,000 തൊട്ട് സ്വർണവില

: റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതും അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതും കാരണം സ്വർണവിലയിൽ മുന്നേറ്റം തുടരുന്നു. കേരളത്തിൽ സ്വർണവില ബുധനാഴ്ച 40,000 രൂപ ഭേദിച്ച് മുന്നേറി.

ചൊവ്വാഴ്ചത്തെക്കാൾ ബുധനാഴ്ച രാവിലെ പവന് 1040 രൂപ കൂടി 40,560 രൂപയിലെത്തി. ഒറ്റദിവസം ഒറ്റത്തവണകൊണ്ട് വില ഇത്രയേറെ കൂടുന്നത് ഇതാദ്യം. അന്താരാഷ്ട്ര വിലയിലെ തിരുത്തലിനെത്തുടർന്ന് ഉച്ചയോടെ പവന് 39,840 രൂപയായി. 2020 ജൂലായിൽ 35,800 രൂപയിൽനിന്ന് 40,000 രൂപയിലേക്ക് കുതിച്ചുയർന്ന പവൻവില തൊട്ടടുത്ത മാസം 42,000 രൂപയിലെത്തി റെക്കോഡിട്ടു. പിന്നീട് വില താഴ്ന്ന് 33,000-36,000 രൂപയിലെത്തി.

മാറ്റം അന്താരാഷ്ട്ര വിലയ്ക്കൊത്ത് അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 2056 ഡോളറിലേക്ക് കുതിച്ചതോടെയാണ് രാവിലെ പവൻവില 40,000 രൂപ ഭേദിച്ചത്.

റഷ്യയുടെ അസംസ്‌കൃത എണ്ണയ്ക്ക് യു.എസും യു.കെ.യും വിലക്കേർപ്പെടുത്തിയതും എണ്ണവില റെക്കോഡിലേക്ക് കുതിക്കുന്നതുമാണ് ആഗോളവിപണിയിൽ സ്വർണവില ഉയരാൻ കാരണം.

എണ്ണവില ഉയരുന്നത് ലോകമെങ്ങും വിലക്കയറ്റത്തിനു കാരണമാകുമെന്ന ആശങ്ക ശക്തമാണ്. ധാന്യങ്ങളുടെയും ഭക്ഷ്യയെണ്ണയുടെയുമൊക്കെ വില ഇപ്പോൾത്തന്നെ ഉയരാൻ തുടങ്ങിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് വീണ്ടും ഡിമാൻഡ് ഉയരാനിടയുണ്ട്.

വിലവർധന രൂക്ഷമാക്കി രൂപയും

വിദേശനാണ്യവിപണിയിൽ ഡോളർ ശക്തിപ്രാപിക്കുകയും രൂപ ദുർബലമാകുകയും ചെയ്തത് സ്വർണത്തിന് കൂടുതൽ തിരിച്ചടിയായി. ഇറക്കുമതിച്ചെലവ് വർധിക്കുകകൂടി ചെയ്തതോടെ വിലവർധനയുടെ തോത് ഉയർന്നു. ഇന്ത്യ വർഷം 850-900 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്.

വെള്ളിവിലയും കുതിക്കുന്നു

വെള്ളിവില ഗ്രാമിന് രണ്ടുരൂപ വർധിച്ച് 77 രൂപയായി. ഒരാഴ്ചകൊണ്ട് അഞ്ചുരൂപയാണ് ഉയർന്നത്. പല്ലേഡിയം, പ്ലാറ്റിനം എന്നിവയ്ക്കും വില ഉയരുന്നുണ്ട്.

error: Content is protected !!