മാത്യു സ്കറിയയ്ക്കു കൂട്ടിക്കൽ ഗ്രാമം യാത്രാമൊഴിയേകി
കൂട്ടിക്കൽ: കൂട്ടിക്കൽ ഗ്രാമത്തിന്റെയൊന്നാകെ കണ്ണീരിൽ കുതിർന്ന സ്നേഹബാഷ്പങ്ങൾ ഏറ്റുവാങ്ങി പൊട്ടംകുളം മാത്യു സ്കറിയ (78) എന്ന രാജുച്ചായൻ യാത്രയായി. കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെയുണ്ടായ വെടിവയ്പിലാണ് മാത്യു സ്കറിയ മരണമടഞ്ഞത്.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് കൂട്ടിക്കൽ സെന്റ് ജോർജ് പള്ളിയിൽ സംസ്കാരച്ചടങ്ങുകൾ നടന്നത്. കൂട്ടിക്കൽ ചപ്പാത്തിനു സമീപത്തെ വീട്ടിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
സാധാരണക്കാരായ ആളുകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയായിരുന്നു മാത്യു സ്കറിയ. പ്രളയം കൂട്ടിക്കൽ പ്രദേശത്തെ തകർത്തെറിഞ്ഞപ്പോൾ സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു അദ്ദേഹം. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കൂട്ടിക്കൽ ഗ്രാമത്തിലെ പാവപ്പെട്ട ആളുകൾക്ക് വീട് നിർമിക്കുവാനായി രണ്ട് ഏക്കർ 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയ മാത്യു സ്കറിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മേഖലയിലെ അതിഥി മന്ദിരങ്ങളുടെ മുഖ്യ നടത്തിപ്പുകാരനുമായിരുന്നു അദ്ദേഹം.
മാത്യു സ്കറിയയുടെ മരണവാർത്തയറിഞ്ഞ് ഇടുക്കി ജില്ലയിലെ വണ്ടൻമേട്ടിലെ ഒരു ഗ്രാമവും കണ്ണീരിലാണ്. വെള്ളിമല പൊട്ടംകുളം എസ്റ്റേറ്റിലെ ഇരുനൂറോളം തൊഴിലാളികളാണ് തങ്ങളുടെ മുതലാളിയെ അവസാനമായി ഒരു നോക്ക് കാണുവാനായി എത്തിയത്. ഇന്നലെ രാവിലെ മുതൽ സംസ്കാര ശുശ്രൂഷകൾ കഴിയും വരെ കണ്ണീരോടെ ഇവരുണ്ടായിരുന്നു. എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളികളെയും അടുത്തറിയാവുന്ന മാത്യു സ്കറിയ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും മക്കളുടെ വിവാഹ കാര്യങ്ങളിലും ഉൾപ്പെടെ ഒരു കാരണവരുടെ സ്ഥാനത്തുനിന്ന് എല്ലാം ചെയ്തു നൽകുമായിരുന്നെന്നും തൊഴിലാളികൾ പറയുന്നു.
പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജ് ഡയറക്ടർ ബോർഡ് അംഗം, കൂട്ടിക്കൽ സെന്റ് ജോർജ് പള്ളി കമ്മിറ്റി അംഗം, കൈക്കാരൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു പോന്നിരുന്നു.