പനമറ്റത്തെ പേപ്പട്ടി ആക്രമണം : പേപ്പട്ടിയുടെ കടിയേറ്റ നാട്ടിലെ നായ്ക്കൾ പ്രദേശത്തു ചുറ്റിത്തിരിയുന്നത് നാട്ടുകാർക്ക് ഭീഷണി .
.
പനമറ്റം: കഴിഞ്ഞ ബുധനാഴ്ച പനമറ്റത്ത് സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 15 പേരെ കടിച്ച പേപ്പട്ടി ചത്തുവെങ്കിലും, നാട്ടുകാരുടെ ഭീതി മാറിയിട്ടില്ല. പനമറ്റം കവലയിൽ അലഞ്ഞുതിരിയുന്ന നിരവധി നായ്ക്കളെയും പേപ്പട്ടി കടിച്ചിട്ടുണ്ട് എന്നതിനാൽ, അവയ്ക്കും പേ ഇളകുമൊ എന്ന ഭീതിയിലാണ് നാട്ടുകാർ . നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.
കടിയേറ്റ നായ്ക്കളെ പിടികൂടുന്നതിനോ അവയെ കൊല്ലുന്നതിനോ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. ആകെയുള്ളത് എ.ബി.സി. പദ്ധതിയാണ്. ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം എന്ന പദ്ധതിയിൽ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി തിരികെ അതിന്റെ ആവാസസ്ഥലത്തുതന്നെ വിടുക എന്നതാണ് രീതി.
പേപ്പട്ടിയുടെ കടിയേറ്റ് പേയിളകാൻ സാധ്യതയുള്ള നായകളുടെ കാര്യത്തിൽ എന്തുചെയ്യണമെന്ന് ഒരിടത്തുനിന്നും വ്യക്തമായ ഉത്തരമില്ല. ഇരുപതിലേറെ തെരുവുനായകൾക്ക് കടിയേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. വളർത്തുമൃഗങ്ങളെ കൂട്ടിലടച്ച് നിരീക്ഷിക്കണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചിട്ടുണ്ട്. പേവിഷബാധയുണ്ടെങ്കിൽ പത്തുദിവസത്തിനകം ഇവ ചാകും.
കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പ്രദേശത്ത് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കുടുക്കിലാക്കാനുള്ള ശ്രമത്തിനിടയിൽ പട്ടി ചത്തു. സംഭവമറിഞ്ഞ് പൊൻകുന്നം പോലീസ് സ്ഥലത്തെത്തിയിരുന്നു. വെടിവെയ്ക്കുന്നതിന് ആളെ എത്തിച്ചെങ്കിലും അതിനുമുൻപേ പേപ്പട്ടി ചത്തു.
കടിയേറ്റ ഏഴുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പേപ്പട്ടിയിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റവരുമുണ്ട്. പനമറ്റം അമ്പലം കവലയിൽ അലഞ്ഞുതിരിയുന്ന നിരവധി നായ്ക്കളെയും കടിച്ചിട്ടുണ്ട്.
പനമറ്റം അമ്പലം കവലയിലെ ചായക്കടയ്ക്കുള്ളിൽ കയറിയ പേപ്പട്ടി കടയുടമ തുടുപ്പയ്ക്കൽ ചന്ദ്രശേഖരൻ നായരെ (77) കടിച്ചു. കടിയേറ്റുവീണ ചന്ദ്രശേഖരൻ നായർക്ക് ശരീരത്ത് പലഭാഗത്തായി കടിയേറ്റു. ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജിയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്.
പനമറ്റം പൂവേലിൽ തുളസീധരൻ, ഭാര്യ മുൻ പഞ്ചായത്തംഗം ബിന്ദു പൂവേലിൽ എന്നിവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ടുവിദ്യാർഥികളുൾപ്പെടെ മറ്റ് നാലുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.
പേപ്പട്ടിയുടെ കടിയോ മാന്തലോ ഏറ്റവർ ചികിത്സതേടാൻ മടിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മുറിവില്ലെങ്കിലും മുൻകരുതലായി ആശുപത്രിയിൽ എത്തി ചികിത്സ തേടണം. അലഞ്ഞുതിരിയുന്ന നായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. ഇവയ്ക്ക് പേവിഷ ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ കരുതൽ വേണം. വളർത്തുനായ്ക്കൾക്കും മറ്റുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ടെങ്കിൽ ഇളങ്ങുളത്തെ മൃഗാശുപത്രയിലെത്തിച്ച് ചികിത്സ നൽകണമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.
പേപ്പട്ടി കടിച്ചാൽ…. : കടിയേറ്റ മുറിവ് ഉടൻ തന്നെ സോപ്പുവെള്ളമുപയോഗിച്ച് കഴുകുക. ആഴത്തിലുള്ള മുറിവുണ്ടെങ്കിൽ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്താം. ഇവർക്ക് ആന്റി റാബീസ് സിറം നൽകും. ചെറിയ മുറിവാണെങ്കിൽ റാബീസ് വാക്‌സിൻ നൽകും. കൂടുതൽ മുറിവുള്ളവർക്ക് സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സാ സൗകര്യം ഒരുക്കും. ജനറൽ, താലൂക്ക് ആശുപത്രികളിലും പേപ്പട്ടി കടിയേറ്റവർക്ക് ചികിത്സ ലഭ്യമാണ്.
നായയുടെ ഉമിനീരാണ് വൈറസ് പടർത്തുന്നത്. ചികിത്സ തേടിയില്ലെങ്കിൽ ഒരാഴ്ചമുതൽ മൂന്നുമാസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കാം. ഒരുവർഷത്തിനുശേഷവും രോഗലക്ഷണമുണ്ടായ സംഭവങ്ങളുണ്ട്. വൈറസ് ബാധമൂലം ഹൃദയം, ശ്വാസകോശം, തലച്ചോർ എന്നിവയുടെ പ്രവർത്തനമാണ് തകരാറിലാകുന്നത്.