പാറത്തോട് പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടത്തി
പാറത്തോട് :വയോജനങ്ങൾക്കുള്ള ക്ഷേമകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ പാറത്തോട് പഞ്ചായത്ത് എപ്പോഴും ഒരു പടി മുന്നിലാണ്. മുൻപ് വയോജനങ്ങൾക്ക് കണ്ണട വിതരണം, കേഴ്‌വി സഹായ ഉപകരണ വിതരണം എന്നിവ നടത്തിയ പഞ്ചായത്ത് ഇത്തവണ വയോജനങ്ങൾക്കായി കട്ടിൽ വിതരണം ആണ് നടത്തിയത് . ഒരു വാർഡിലേക്ക് എട്ട് കട്ടിൽ വീതം, ആകെ 156 കട്ടിലുകളാണ് വിതരണം ചെയ്തത് . പഞ്ചായത്തിലെ ബിപിഎൽ കുടുബങ്ങളിലെ അറുപത് വയസ്സിന് മേലെ പ്രായമുള്ള വയോജങ്ങൾക്കാണ് കട്ടിലുകൾ വിതരണം ചെയ്തത് . പ്രോജെക്റ്റിനായി ആറു ലക്ഷത്തി അമ്പത്താറായിരം രൂപ നീക്കിവച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
കട്ടിൽ വിതരണം പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡയസ് കോക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ആക്ടിങ് പ്രസിഡന്റ് സിന്ധു മോഹനൻ ഉദ്‌ഘാടനം ചെയ്തു. സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും പൂർണമായ പിന്തുണ നൽകിയാണ് പ്രാദേശിക സർക്കാരായ പഞ്ചായത്ത് പ്രവർത്തിക്കുന്നതെന്ന് സിന്ധു പറഞ്ഞു. വയോജനങ്ങളെ ചേർത്ത് പിടിക്കുന്ന വിവിധ പദ്ധതികൾ തുടർന്നും സംഘടിപ്പിക്കുമെന്നും സിന്ധു മോഹനൻ അറിയിച്ചു .