കാഞ്ഞിരപ്പള്ളി രൂപതയിൽ വെള്ളിയാഴ്ച ലോകസമാധാന പ്രാർത്ഥനാ ദിനം.

കാഞ്ഞിരപ്പള്ളി : ലോക സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി മംഗളവാർത്ത തിരുനാൾ ദിനമായ വെള്ളിയാഴ്ച്ച കാഞ്ഞിരപ്പള്ളി രൂപതയിൽ ആചരിക്കുമെന്ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.

ആഴ്ചകളായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ദയനീയ സാഹചര്യത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്ത തിരുനാളായ മാർച്ച് 25-ാം തീയതി റഷ്യയെയും യുക്രൈനെയും പ്രത്യേകമായി മാതാവിന്റെ വിമലഹൃദയത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരിക്കുകയാണ്.

ലോകസമാധാനത്തിനായി റോമൻ സമയം വൈകുന്നേരം 5 മണിക്ക്, അതായത് ഇന്ത്യൻ സമയം രാത്രി 9. 30 ന് സഭ മുഴുവനും ഒത്തൊരുമിച്ച് പ്രാർത്ഥിക്കണം എന്നാണ് മാർപാപ്പാ ആവശ്യപ്പെട്ടിരിക്കുന്നത് . മാർച്ച് 25-ാം തീയതി മംഗളവാർത്ത തിരുനാളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിലും മറ്റ് പ്രാർത്ഥനകളിലും ഇക്കാര്യം പ്രത്യേകം അനുസ്മരിക്കുകയും അന്നേ ദിവസം പരിശുദ്ധ കുർബ്ബാനയുടെ ആരാധന പള്ളികളിൽ നടത്തുകയും ചെയ്യണമെന്ന് രൂപതയിലെ വിശ്വാസി സമൂഹത്തിന് നലകിയ സന്ദേശത്തിൽ മാർ ജോസ് പുളിക്കൽ അറിയിച്ചു.

വെള്ളിയാഴ്ച്ച ( മാർച്ച് 25) രാത്രി 9.30 ന് മാർ ഫ്രാൻസിസ് പാപ്പയോടൊപ്പം കുടുംബങ്ങളിലും സന്യാസ ഭവനങ്ങളിലും പള്ളികളിലും ലോകസമാധാനത്തിനായി പ്രാർത്ഥിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

error: Content is protected !!