കാഞ്ഞിരപ്പള്ളി ബ്ലോക്ക് ബജറ്റ്; മുണ്ടക്കയത്ത് ഡയാലിസിസ് സെന്ററിന് 50 ലക്ഷം; വിവിധ പദ്ധതികൾക്കായി 49.94 കോടി രൂപ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡയാലിസിസ് സെന്ററിന് 50 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത് അവതരിപ്പിച്ച ബജറ്റിലാണ് ഡയലിസിസ് സെന്ററിനായി തുക അനുവദിച്ചത്. വൃക്ക രോഗികൾക്കായി മുണ്ടക്കയം സർക്കാർ ആശുപത്രിയിലാണ് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കുന്നത്.
ഒരു കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ബാക്കി തുക എം.പി., എം.എൽ.എ., പഞ്ചായത്ത് വിഹിതം എന്നിവയിലൂടെ കണ്ടെത്തും. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ആവശ്യമായ ഡയാലിസിസ് കിറ്റുകൾ സൗജന്യമായി നൽകുന്നതിന് 15 ലക്ഷം രൂപയും വകയിരുത്തിയിരുത്തിയിട്ടുണ്ട്.
വിവിധ പദ്ധതികൾക്കായി 49.94 കോടി രൂപ ചെലവ് വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 48.18 കോടി രൂപ വരവും 1.76 കോടി രൂപ പ്രാരംഭ ബാക്കിയുമുള്ള ബജറ്റിൽ 44,892 രൂപയാണ് നീക്കിയിരുപ്പ് പ്രതീക്ഷിക്കുന്നത്. പാലിയേറ്റീവ് കെയർ വിഹിതമായി ഗ്രാമപ്പഞ്ചായത്തുകൾക്ക് 8.77 ലക്ഷം രൂപയും സെക്കൻഡറി പാലിയേറ്റീവ് കെയർ പദ്ധതിക്കായി 10 ലക്ഷം രൂപയും വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്തിൽ സൗരോർജ് വൈദ്യുതി ലഭ്യമാക്കുന്നതിന് 14 ലക്ഷം രൂപയും കാർഷിക ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് ഏഴ് ലക്ഷം രൂപയും വനിതൾക്കായി മുണ്ടക്കയത്ത് മാർഷ്യൽ ആർട്‌സ് ആൻഡ് ജിംനേഷ്യം സ്ഥാപിക്കുന്നതിന് എട്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ടി.എസ്. കൃഷ്ണകുമാർ, വിമല ജോസഫ്, അഞ്ജലി ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീർ, പി.കെ. പ്രദീപ്, ജോളി മടുക്കക്കുഴി, ടി.ജെ. മോഹനൻ, മാഗി ജോസഫ്, ജൂബി അഷറഫ്, രത്‌നമ്മ രവീന്ദ്രൻ, ജയശ്രീ ഗോപിദാസ്, കെ.എസ്. എമേഴ്‌സൺ തുടങ്ങിയവർ പ്രസംഗിച്ചു.